തിരുവനന്തപുരം: കേരളക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് ഇന്ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജൻസിയിൽ കെ.സി.എൽ ബ്രാൻഡ് അംബസഡറായ നടൻ മോഹൻലാൽ നിർവഹിക്കും. കെ.സി.എൽ ചാമ്പ്യൻമാർക്കുള്ള ട്രോഫി മന്ത്രി വി.അബ്ദുറഹിമാൻ അനാവരണം ചെയ്യും. ക്രക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ലീഗിൽ പങ്കെടുക്കുന്ന ആറു ടീമുകളുടേയും ഫ്രാഞ്ചൈസി ഉടമകൾക്ക് മോഹൻലാൽ മെമന്റോ സമ്മാനിക്കും. ഓരോ ടീമുകളിലേയും കളിക്കാരേയും പരിചയപ്പെടുത്തും. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് അദ്ധ്യക്ഷത വഹിക്കും. കെ.സി.എ സെ ക്രട്ടറി വിനോദ് എസ്. കുമാർ, കെ.സി.എൽ ചെയർമാൻ നാസർ മച്ചാൻ എന്നിവർ പങ്കെടുക്കും.
ക്യാപ്ടൻമാർ ഹാപ്പി
ലീഗിലെ ആറു ടീമുകളുടേയും ക്യാപ്ടൻമാരുടെ കൂടിച്ചേരൽ പരിപാടി ഇന്നലെ നടന്നു. ക്യാപ്ടൻമാരായ ബേസിൽ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്സ്), മുഹമ്മദ് അസറുദ്ദീൻ (ആലപ്പി റിപ്പിൾസ്), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്ലേഴ്സ്), റോഹൻ എസ്. കുന്നുമ്മേൽ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്), വരുൺ നായനാർ (തൃശൂർ ടൈറ്റൻസ്), അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്) എന്നിവർ ഇന്നലെ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ഒത്തുചേർന്നു..