crime

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എന്‍ജിനിയറിംഗ് കോളേജ് വനിതാ ഹോസ്റ്റല്‍ ടോയ്‌ലെറ്റില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍.ആണ്‍കുട്ടികളുടെ ഹോസ്റ്റലിലുള്ള ബി.ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോ റെക്കാഡ് ചെയ്ത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റിരുന്നതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് കൃഷ്ണ ജില്ലയിലെ ഗുഡ്വല്ലേരു എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലിലെ ടോയ്ലെറ്റില്‍ ഒളിക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും നാട്ടുകാരും രംഗത്തെത്തി. കോളേജിനു മുമ്പില്‍ തടിച്ചുകൂടി 'ഞങ്ങള്‍ക്ക് നീതി വേണം' എന്ന് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി. രാത്രിയും പ്രതിഷേധം തുടര്‍ന്നു. ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ടെന്ന് ആരോപിച്ച പ്രതിഷേധക്കാര്‍ ക്യാമ്പസിലെ പെണ്‍കുട്ടികളുടെ സുരക്ഷയിലും സ്വകാര്യതയിലും ആശങ്ക പ്രകടിപ്പിച്ചു.

അതിനിടെ വീഡിയോ ചിത്രീകരിച്ചെന്ന് കരുതുന്ന വിജയ് കുമാറിനെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെടുകയും വിജയ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 300ലധികം ഫോട്ടോകളും വീഡിയോകളും ഇയാള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്യാമറ സ്ഥാപിച്ചതിലും വീഡിയോകള്‍ നല്‍കിയതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

എം.എല്‍.എയും ജില്ലാ കളക്ടറും എസ്.പിയും ഹോസ്റ്റല്‍ സന്ദര്‍ശിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു. അതിനിടെ ഹോസ്റ്റലിലെത്തിയ എസ്.പി ആര്‍. ഗംഗാധര്‍ റാവു പ്രാഥമികാന്വേഷണത്തില്‍ ഹോസ്റ്റലില്‍ നിന്ന് ഒളിക്യാമറകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞു. കുട്ടികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.അന്വേഷണം പുരോഗമിക്കുകയാണെന്നും പറഞ്ഞു. കുറ്റക്കാര്‍ക്കും ഉത്തരവാദികള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് എക്‌സില്‍ കുറിച്ചു.