വഡോദര: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച ഗുജറാത്തില്‍ മുതലയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.വെള്ളപ്പൊക്കത്തിന് പിന്നാലെ നദിയില്‍നിന്ന് കരയിലെത്തിയ മുതല യുവാവിനെ ആക്രമിക്കുകയായിരുന്നു. വഡോദരയിലെ രാജ്പുര സ്വദേശിയായ അമിത് വാസവയാണ് മരിച്ചത്. മീന്‍പിടിക്കാനായി വലവീശാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ മുതല ഒര്‍സാങ് നദിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.
മുതലയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അമിത് കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്ഷപ്പെടാന്‍ യുവാവ് ആവുന്നത്ര ശ്രമിച്ചുവെന്നും എന്നാല്‍ അതിനുളള അവസരം ലഭിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുജറാത്തില്‍ മുതലകള്‍ ധാരാളമുള്ള സ്ഥലമാണ് വഡോദര. നഗരത്തിലൂടെ ഒഴുകുന്ന വിശ്വമിത്രി നദിയിലാണ് ഏറ്റവും കൂടുതല്‍ മുതലകളുള്ളത്.
മഴക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 28 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 5000ത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍നിന്ന് 1200ഓളം പേരം ദുരന്തനിവാരണ സേന രക്ഷിച്ചു. അതേസമയം, വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ജനങ്ങളുടെ ജീവിതം ദുരിതത്തിലാകുകയും ചെയ്തിട്ടും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന പരാതിയും പൊതുജനത്തിനുണ്ട്.