premalu

ഈവർഷത്തെ ബ്ലോക് ബസ്റ്റർ ഹിറ്റുകളിലൊന്നായ പ്രേമലുവിന്റെ രണ്ടാം ഭാഗം ജനുവരിയിൽ യുകെ.യിൽ ചിത്രീകരണം ആരംഭിക്കും. സച്ചിൻ യുകെയിൽ പോകുന്നിടത്താണ് പ്രേമലു അവസാനിക്കുന്നത്. സച്ചിൻ യു.കെ.യിൽ എത്തിയ ശേഷമുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ. സച്ചിനായി നസ്‌‌ലിനും റീനുവായി മമിത ബൈജുവും എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു.

പ്രേമലുവിലെ താരങ്ങളിൽ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപും കാർത്തികയെ അവതരിപ്പിച്ച അഖില ഭാർഗവനും രണ്ടാം ഭാഗത്തിലുമുണ്ടാകും. അനശ്വര രാജനാണ് പുതുതായി എത്തുന്ന താരം. അടുത്ത വർഷം ഓണം റിലീസായാണ് പ്രേമലു 2 ഒരുങ്ങുന്നത്. പ്രേമലുവിന്റെ വമ്പൻ വിജയം നസ്ലിന്റെയും മമിത ബൈജുവിന്റെയും താരമൂല്യം ഉയർത്തി. 2024ൽ ആദ്യ അൻപതുകോടി ക്ലബിൽ എത്തിയ മലയാള ചിത്രമായിരുന്നു പ്രേമലു.

റിലീസ് ചെയ്ത് 13-ാം ദിവസത്തിലാണ് പ്രേമലു അൻപതു കോടി കളക്ട് ചെയ്തത്. മുഴുനീള റൊമാന്റിക് കോമഡി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം ഹൈദരാബാദ് പശ്ചാത്തലത്തിലാണ് എത്തിയത്. തമിഴിലും തെലുങ്കിലും ചിത്രം വമ്പൻ വിജയം നേടി. മമിത ബൈജുവിന് തമിഴ് പ്രവേശനത്തിനു വഴിയൊരുങ്ങുകയും നായികയായി നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ ,ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ. അൽത്താഫ് സലിം, ശ്യാം മോഹൻ, മീനാക്ഷി രവീന്ദ്രൻ എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തെ മനോഹരമാക്കി.