ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് എട്ട് കോടിയുടെ ബമ്പർ സമ്മാനം. ഓഗസ്റ്റ് 28ന് നടന്ന മില്ലേനിയം മില്യേണർ നറുക്കെടുപ്പിലാണ് മലയാളിയായ ആസിഫ് മതിലകത്തിന് 8,31,70,050 കോടി രൂപസമ്മാനമായി ലഭിച്ചത്. ആസിഫും സഹപ്രവർത്തകരായ ഒമ്പത് പേരും ചേർന്നാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിച്ചത്. ഓഗസ്റ്റ് രണ്ടിന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആസിഫാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്.
ദുബായിലെ ഒരു നിർമ്മാണ കമ്പനിയിൽ സെയിൽസ് മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ആസിഫ്. കഴിഞ്ഞ 14 വർഷമായി ഷാർജയിലാണ് താമസം. കഴിഞ്ഞ കുറച്ചു കാലങ്ങളായി ആസിഫും സുഹൃത്തുക്കളും ചേർന്ന് ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഭാഗ്യം പരീക്ഷിക്കുന്നു. ഓരോ തവണ ഓരോ പേരുകളിലാണ് ഇവർ ടിക്കറ്റെടുക്കാറുള്ളത്. ടിക്കറ്റിനുള്ള ചെലവ് പരസ്പരം പങ്കുവയ്ക്കുകയും ചെയ്യും.
അപ്രതീക്ഷിതമായാണ് തങ്ങളെ ഭാഗ്യം തേടിയെത്തിയതെന്ന് അവർ പറയുന്നു. തങ്ങളെ കോടീശ്വരരാക്കിയ ദുബായ് ഡ്യൂട്ടി ഫ്രീക്ക് അവർ നന്ദിയും അറിയിച്ചു. 1999ൽ മില്ലേനിയം മില്യണയർ പുറത്തിറക്കിയ ശേഷം ഒരു മില്യൺ ഡോളർ നേടുന്ന 234ാമത്തെ ഇന്ത്യൻ പൗരനാണ് ആസിഫ്. നേരത്തെയും ഒട്ടേറെ ഇന്ത്യക്കാർക്ക് ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യം തുണച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിച്ച ഒരുപാട് ഇന്ത്യക്കാർക്കും കോടികളുടെ സമ്മാനം ലഭിച്ചിരുന്നു.