ബംഗളൂരു: മുൻ ഇന്ത്യൻ ഇതിഹാസ താരവും കോച്ചുമായ രാഹുൽ ദ്രാവിഡിന്റെ പാത പിന്തുടർന്ന് മകൻ സമിത് ദ്രാവിഡ് ദേശീയ ടീമിൽ. അണ്ടർ 19 ടീമിലാണ് 18കാരനായ സമിത് ഇടം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായി പുതുച്ചേരിയിലും ചെന്നൈയിലും നടക്കുന്ന ഏകദിന, ചതുർ ദിന പരമ്പരയിലേയ്ക്കാണ് സമിത് തിരഞ്ഞെടുക്കപ്പെട്ടത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര സെപ്‌തംബർ 21, 23, 26 തീയതികളിലായാണ് നടക്കുന്നത്. സെപ്‌തംബർ 30 മുതൽ ഒക്‌ടോബർ ഏഴുവരെയാണ് ചതുർ ദിന പരമ്പര നടക്കുക. ഏകദിന ടീമിനെ നയിക്കുന്നത് മൊഹമ്മദ് അമാൻ ആണ്.ചതുർ ദിന ടീമിനെ സോഹം പട്‌വർദ്ധനും നയിക്കും.
പേസ് ബൗളിംഗ് ഓൾ റൗണ്ടറായ സമിത് നിലവിൽ ബംഗളൂരുവിൽ നടക്കുന്ന കെ എസ് സി എ മഹാരാജ ട്വന്റി 20 മത്സരത്തിൽ മൈസൂരു വാരിയേഴ്‌സിനുവേണ്ടി കളിക്കുകയാണ്. ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്‌സിൽ നിന്നായി 82 റൺസ് നേടിയ താരം ഇതുവരെ ബോൾ ചെയ്തിട്ടില്ല.
ഈ വർഷമാദ്യം നടന്ന കൂച്ച് ബെഹാർ ട്രോഫി മത്സരത്തിൽ കർണാടകയുടെ ആദ്യ കിരീട വിജയത്തിൽ സമിത് നിർണായക പങ്ക് വഹിച്ചിരുന്നു. എട്ട് മാച്ചുകളിൽ നിന്നായി 362 റൺസും 16 വിക്കറ്റുമാണ് സമിത് നേടിയത്. അതേസമയം, അണ്ടർ 19 ഏകദിന ടീമിലും ചതുർ ദിന ടീമിലും മലയാളി താരമായ മൊഹമ്മദ് ഇനാൻ ഇടംനേടിയിട്ടുണ്ട്.
അണ്ടർ 19 ഏകദിന ടീം: മൊഹമ്മദ് അമാൻ, സമിത് ദ്രാവിഡ്, മൊഹമ്മദ് ഇനാൻ, രുദ്ര പട്ടേൽ, സാഹിൽ പരഖ്, കാർത്തികേയ കെ പി, കിരൺ ചോമാലെ, അഭിഗ്യാൻ കുന്ദു, ഹർവൻഷ് സിംഗ് പഗാലിയ, യുദ്ധജിത് ഗുഹ, സമർത്ഥ് എൻ, നിഖിൽ കുമാർ, ചേതൻ ശർമ, ഹാർദ്ദിക് രാജ്, രോഹിത് രാജാവത്.
അണ്ടർ 19 ചതുർ ദിന പരമ്പര ടീം: വൈഭവ് സൂര്യവൻഷി, നിത്യ പാണ്ഡ്യ, വിഹാൻ മൽഹോത്ര, സോഹം പട്‌വർദ്ധൻ, കാർത്തികേയ കെ പി, സമിത് ദ്രാവിഡ്, അഭിഗ്യാൻ കുന്ദു, ഹർവൻഷ് സിംഗ് പഗാലിയ, ചേതൻ ശർമ, സമർത്ഥ് എൻ, ആദിത്യ റാവത്ത്, നിഖിൽ കുമാർ, അൻമോൽജീത് സിംഗ്, ആദിത്യ സിംഗ്, മൊഹമ്മദ് ഇനാൻ.