ep-jayarajan-

തിരുവനന്തപുരം: പാർട്ടിക്കുള്ളിലും പുറത്തും ഒരുപോലെ പോരാടി വന്നവനാണ് എടവൻ പുതിയ വീട്ടിൽ ജയരാജൻ എന്ന ഇപി ജയരാജൻ. മുന്നണിയുടെ ഐക്യം ഒരുപോലെ കാത്തുസൂക്ഷിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ കൺവീനർ സ്ഥാനം രണ്ട് വർഷങ്ങൾക്കിപ്പുറം പാർട്ടി തന്നെ എടുത്തുമാറ്റിയതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചോദ്യമാണ് കേരളം ഉറ്റുനോക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ കൂടിക്കാഴ്ചയാണ് കൺവീനർ കസേരയ്ക്ക് വില്ലനായത്. പൊതുതിരഞ്ഞെടുപ്പ് ദിവസം ഇപി ഇക്കാര്യം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞതോടെ പാർട്ടി കൂടുതൽ പ്രതിസന്ധിയിലുമായി.

കൂടിക്കാഴ്ച പാർട്ടിയിൽ നിന്ന് മുതിർന്ന നേതാവ് മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തൽ. മാത്രമല്ല കൂടിക്കാഴ്ചയെക്കുറിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ വെളിപ്പെടുത്തിയതും പൊറുക്കാനാവാത്ത തെറ്റെന്നാണ് പാർട്ടി കണക്കാക്കുന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി തുടരുന്നതിൽ മുന്നണിയിലെ രണ്ടാമനായ സിപിഐ കടുത്ത അതൃപ്തി ആദ്യമേ പ്രകടിപ്പിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ സ്വന്തം തട്ടകമായ കണ്ണൂർപോലും പൂർണമായും ഇപിയെ തള്ളിയ അവസ്ഥയിലായിരുന്നു.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പലരെയും കാണാറുണ്ടെന്നും ഞാനും ജാവദേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇപിയുടെ മറുപടി. എന്നാൽ ഇപിയുടെ ഈ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ വിമർശിച്ച് രംഗത്തെത്തി. വിഭാഗീയത കത്തിനിന്ന കാലത്തടക്കം പാർട്ടി നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഇപി ജയരാജനെതിരായ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സമ്പൂർണമായി പിന്തുണയ്ക്കുകയാണ് കണ്ണൂർ ഘടകവും ചെയ്തത്.

ബന്ധുനിയമന വിവാദം മുതൽ കണ്ണൂരിലെ നേതാക്കൾ ഇപി ജയരാജനെ കാര്യമായി പിന്തുണച്ചിരുന്നില്ല. ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചത് നേതാക്കൾ ശരിവച്ചതും തിരിച്ചടിയായിരുന്നു. തുടർഭരണം പാർട്ടിയിലുണ്ടാക്കിയ ജീർണതയും സംഘടനാപരമായ അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തൽ രേഖയുടെ ചർച്ചയിലാണ് പി ജയരാജൻ അന്ന് തുറന്നടിച്ചത്.

പാർട്ടി അന്വേഷിച്ച ഈ ആരോപണത്തിലും നടപടി ഉണ്ടാവാതിരുന്നത് ജാവദേക്കർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയായിട്ടുണ്ട്. വ്യക്തിപൂജ വിവാദത്തിൽ പി ജയരാജനെതിരേ നടപടിക്ക് തിടുക്കം കാട്ടിയ പാർട്ടിക്ക് ഇപിയോട് മൃദു സമീപനമാണെന്ന മുറുമുറുപ്പ് പി ജയരാജനെ പിന്തുണയ്ക്കുന്നവർക്ക് ഉണ്ടായിരുന്നു. ഇന്ന് സംസ്ഥാന സമിതിയിൽ നടപടി ഉറപ്പാകുമെന്ന് ഇപിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടാവാം അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ നാളെ മുതൽ തുടക്കമാകുകയാണ്. അതിന് മുമ്പായി പാർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം.

വിവാദങ്ങളുടെ തോഴൻ
വിവാദങ്ങളുടെ ഉറ്റ തോഴനാണ് ഇപി. സമരം ചെയ്യരുതെന്ന് എസ്എഫ്‌ഐക്കാരോടും കട്ടൻചായയും പരിപ്പുവടയും കഴിച്ചുള്ള പ്രവർത്തനത്തിന്റെ കാലം കഴിഞ്ഞുവെന്ന് പാർട്ടിക്കാരോടും പറഞ്ഞത് ചെറിയ വിവാദമല്ല ഉയർത്തിയത്. ഭക്ഷണത്തിനൊപ്പം അൽപം മദ്യം കഴിക്കുന്നത് തെറ്റല്ലെന്ന് നാട്ടുകാരോട് പറഞ്ഞതും ഇപിയെ പ്രതിസന്ധിയിലാക്കി.

ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനിൽ നിന്ന് പാർട്ടി പത്രം രണ്ട് കോടി രൂപയുടെ ബോണ്ട് വാങ്ങിയതും മറ്റൊരു വിവാദമായി. ഈ വിഷയത്തിൽ ഇപിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് പാർട്ടി കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരിക്കെ ബന്ധുനിയമന വിവാദത്തിൽ മന്ത്രിക്കസേര തെറിച്ചു. പിന്നീട് വീണ്ടും മന്ത്രിക്കസേരയിൽ തിരിച്ചെത്തി. അന്ന് മുതലേ കണ്ണൂർ ഘടകത്തിന്റെ കണ്ണിലെ കരടായിരുന്നു ഇപി.