പല വികസിത രാജ്യങ്ങളിലും ജനസംഖ്യ കുറഞ്ഞുവരുന്ന സ്ഥിതിയുണ്ടെന്ന് ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി. പുതു തലമുറ ജോലി തേടി നഗരങ്ങളിലേക്ക് പോകുമ്പോൾ മാതാപിതാക്കൾ വീട്ടിൽ തനിച്ചാകുകയാണെന്നും, പലപ്പോഴും ഒരു മാസമൊക്കെ കഴിഞ്ഞാണ് മരണവിവരം പുറം ലോകമറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രശ്നങ്ങളെല്ലാം നമ്മുടെ നേരെയും വരികയാണെന്നും ഇന്ന് തന്നെ ചിന്തിച്ചാൽ ഒരു പക്ഷെ ഇതിനെ കൈകാര്യം ചെയ്യാൻ പറ്റിയേക്കുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഇല്ലെങ്കിൽ ഇത്തരം വാർത്തകൾ 2040 ൽ കേരളത്തിൽ നിന്നും വരുമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്ന് ഞാൻ നാളെ നീ...
ജനന നിരക്ക് കുറയുകയും ജനസംഖ്യ തന്നെ കുറഞ്ഞു വരികയും ചെയ്യുന്ന ഒരു സാഹചര്യം ലോകത്ത് പലയിടത്തുമുണ്ട്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ.
ഇക്കാര്യം ഏറ്റവും പ്രകടമായത് ജപ്പാനിലാണ്. 2007 മുതൽ ജപ്പാനിൽ ജനസംഖ്യ കുറഞ്ഞു വരികയാണ്. പുതിയ തലമുറ തൊഴിൽ തേടി നഗരങ്ങളിലേക്ക് പോകുന്നതോടെ ഗ്രാമങ്ങളിൽ പ്രായമായവർ ഒറ്റപ്പെടുന്നു. ഈ ഒറ്റപ്പെടലിന്റെ ഏറ്റവും ഭീതിതമായ കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്. ജപ്പാനിൽ ഈ വർഷം 40000 ആളുകളാണ് വീടുകളിൽ ഒറ്റക്ക് മരിച്ചത്. ഇതിൽ 4000 പേരുടെ മരണം മറ്റുള്ളവർ അറിഞ്ഞത് ഒരു മാസം കഴിഞ്ഞാണ്. 130 പേരുടെ മരണം ഒരു വർഷത്തോളം ആരും അറിഞ്ഞില്ല!! കേൾക്കുമ്പോൾ അതിശയവും പേടിയും തോന്നുന്നുണ്ടാകും.
കേരളത്തിലും ജനന നിരക്ക് കുറയുന്നു, പുതിയ തലമുറ നാടും (നഗരവും) വിടുന്നു, വീടുകളിൽ മാതാപിതാക്കൾ തനിച്ചാകുന്നു. വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ള സമഗ്രമായ പദ്ധതികൾ ഇനിയും നമുക്ക് തയ്യാറായിട്ടില്ല. അത് സ്വയം ഉറപ്പാക്കാനുള്ള സാമ്പത്തിക സുരക്ഷ ബഹുഭൂരിപക്ഷം ആളുകൾക്കും ഒരു പരിധി വരെ സർക്കാരിനും ഇല്ല.
ഈ പ്രശ്നങ്ങളെല്ലാം നമ്മുടെ നേരെയും വരികയാണ്. ഇന്ന് തന്നെ ചിന്തിച്ചാൽ ഒരു പക്ഷെ ഇതിനെ കൈകാര്യം ചെയ്യാൻ പറ്റിയേക്കും. ഇല്ലെങ്കിൽ ഇത്തരം വാർത്തകൾ 2040 ൽ കേരളത്തിൽ നിന്നും വരും.
മുരളി തുമ്മാരുകുടി