preeyusha-saji

രാമായണത്തിലെ ഇഷ്ടകഥാപാത്രമായ സീതയാകാൻ ഒരുങ്ങുകയാണ് ദുബായിലെ ഹോമിയോ ഡോക്ടറായ പ്രീയുഷ സജി. സീതയുടെ ജനനം മുതൽ ഭൂമിയിലേയ്ക്ക് വിലയം പ്രാപിക്കുന്നത് വരെയുള്ള ജീവിതം ഭരതനാട്യമായി അവതരിപ്പിക്കാൻ ഡോ.പ്രീയുഷ തീരുമാനിച്ചത് ഒരുവർഷം മുമ്പാണ്.

ബി.എച്ച്.എം.എസ് പഠനം തലയ്ക്കുപിടിച്ചപ്പോഴും മൂന്നര വയസിൽ ആരംഭിച്ച നൃത്തപരിശീലനം ഉപേക്ഷിച്ചില്ല. ചിട്ടയായ ജീവിതക്രമത്തിലൂടെ ജോലിക്കും കലയ്ക്കും സമയം കണ്ടെത്തി. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള 'സീത' എന്ന ഏകാംഗ നൃത്തശില്പം പ്രീയുഷയാണ് നിർമ്മിച്ചത്. നാളെ വൈകിട്ട് 6.45ന് തൈയ്ക്കാട് ഗണേശത്തിൽ പ്രീയുഷ സീതയായി അരങ്ങിലെത്തും. പരമ്പരാഗത മാർഗശൈലിയിലുള്ള പുഷ്പാഞ്ജലി, വർണം, പദം, തില്ലാന, മംഗളം എന്നിവയിലൂടെയാണ് സീതയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്നത്. സീതയുടെ വിവാഹം മുതൽ കാട്ടിലുപേക്ഷിക്കപ്പെട്ട ശേഷം മക്കളെ വളർത്തുന്നത് വരെ കാണിക്കുന്നത് വർണമെന്ന ഭാഗത്താണ്.

ജൂണിൽ ദുബായിൽ നടന്ന പ്രീമിയർ ഷോയും ശ്രദ്ധനേടിയിരുന്നു. നൃത്താവിഷ്കാരത്തിന് മഞ്ജു.വി.നായർ വരികളും ബിജീഷ് കൃഷ്ണ സംഗീതവും പ്രേം മേനോൻ നൃത്തസംവിധാനവും നിർവഹിച്ചു.

കൊല്ലം കടപ്പാക്കട പരേതനായ കെ.വിജയന്റെയും സുലോചനയുടെയും മകളായ പ്രീയുഷ ഇപ്പോൾ തിരുവനന്തപുരം ചെമ്പഴന്തിയിലാണ് താമസം. നാട്ടിലെത്തിയിട്ട് ഒരുമാസമായി. ഭർത്താവ് ദുബായിൽ സിവിൽ എൻജിനിയറായ എ.എസ്.സജി, മക്കൾ ശ്രുതി നന്ദന(മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ബി-ആർക്ക് നാലാംവർഷം), പ്രണവ് ആനന്ദ് (കംപ്യൂട്ടർ സയൻസ് ഐ.ഐ.ടി മദ്രാസ് ഒന്നാംവർഷം).

യോഗാ സ്റ്റാർ

ഇന്റർനാഷണൽ സെർട്ടിഫൈ‌ഡ് യോഗ പരിശീലക കൂടിയാണ് പ്രീയുഷ. മണിക്കൂറുകളോളം തുടർച്ചയായി നൃത്തം ചെയ്യാനും മെയ്‌വഴക്കത്തിനും യോഗാ പരിശീലനം സഹായിച്ചെന്ന് പ്രീയുഷ പറയുന്നു. 2020ൽ ഷാർജ പുസ്തകമേളയിൽ ആദ്യ പുസ്തകമായ 'ഓർമ്മയുടെ നീലശംഖുപുഷ്പങ്ങൾ' പ്രസിദ്ധീകരിച്ചു. ദുബായിലെ എഴുത്തുകാരുടെ കൂട്ടായ്മ 'മഷിയിലും' അംഗമാണ്.