rain

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒരു ജില്ലയിലൊഴികെ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്‌ക്ക് സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സെപ്‌തംബ‌ർ മാസത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയ‌്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഒക്ടോബർ വരെ മഴ തുടരും. ലാനിനാ പ്രതിഭാസമാണ് മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്‌ടർ നിത കെ ഗോപാൽ പറഞ്ഞു. കിഴക്കൻ പസഫിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതലത്തിലെ താപനില പതിവിൽ നിന്ന് കുറയുന്ന പ്രതിഭാസമാണ് ലാനിന. ഡിസംബർ വരെ ലാനിന തുടർന്നേക്കും. അതുകാണ്ടുതന്നെ ഇന്ത്യയിൽ മൺസൂൺ ശക്തമാകും.

കേരളമുൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിലാണ് ശക്തമായ മഴ ലഭിക്കുക. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിത കെ ഗോപാൽ പറഞ്ഞു. മുന്നറിയിപ്പും മുന്നൊരുക്കങ്ങളും കൊണ്ട് നേരിടാൻ സാധിക്കുമെന്നും അവർ പ്രതികരിച്ചു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ജനങ്ങൾ കൃത്യമായി അനുസരിക്കുകയാണ് വേണ്ടതെന്ന് ഡയറക്‌ടർ വ്യക്തമാക്കി.