തിരുവനന്തപുരം: ഇ പി ജയരാജൻ കൺവീനർ സ്ഥാനം ഒഴിഞ്ഞത് സംഘടനാ നടപടിയല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ടി പി രാമകൃഷ്ണനാണ് പകരം ചുമതല. രണ്ട് കാരണങ്ങൾ കൊണ്ടാണ് ജയരാജൻ സ്ഥാനമൊഴിഞ്ഞത്. ഒന്ന് അദ്ദേഹത്തിന് ചില പരിമിതികളുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രസ്താവനകളാണ് മറ്റൊരു കാരണം. ഇതെല്ലാം ചർച്ച ചെയ്താണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ജാവദേക്കർ വിവാദമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി ശുപാർശ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സർക്കാരെന്ന് അദ്ദേഹം വ്യക്തമാക്കി.നിയമ നിർമാണവും ട്രിബ്യൂണലും അനിവാര്യമാണ്. കോൺക്ലേവിന് എതിരായി അഭിപ്രായങ്ങളുയർന്നിട്ടുണ്ട്. എല്ലാവരുമായി ചർച്ച ചെയ്ത് മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് മുഴുവൻ പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടു. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുള്ളതിനാലാണ് ഇത്. ഇത്തരമൊരു കമ്മിറ്റി ഇന്ത്യയിലാദ്യമാണ്. ഹേമ കമ്മിറ്റി സർക്കാർ വൈകിപ്പിച്ചിട്ടില്ല. ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
"ട്രിബ്യൂണൽ രൂപീകരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഐ സി സി ആദ്യം കേരളത്തിലാണ് ആരംഭിച്ചത്. ഹേമ കമ്മിറ്റിയിൽ ഉള്ളതും ഇല്ലാത്തതുമായ പതിനൊന്ന് പരാതികളിൽ പൊലീസ് കേസെടുത്തു. ഭരണകക്ഷി എം എൽ എയ്‌ക്കെതിരെപ്പോലും കേസെടുത്തു. രാജ്യത്തിന് തന്നെ മാതൃകയായ സർക്കാർ സമീപനമാണ് നമ്മൾ കാണുന്നത്. ഗുസ്തി താരങ്ങളുടെ പരാതി ഉയർന്നപ്പോൾ കേന്ദ്രസർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് നമുക്കറിയാം.
മുകേഷ് രാജിവയ്ക്കണമോ എന്ന ചോദ്യമുയരുകയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും മുകേഷിന്റെ രാജിയെ സംബന്ധിച്ചുള്ള ക്യാംപയിനുകൾ നടക്കുന്നു. ഞങ്ങൾ ഇതിൽ വിശദമായ പരിശോധന നടത്തി. ഇന്ത്യാ രാജ്യത്ത് 16 എംപിമാരും 135 എം എൽ എമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അതിൽ ബി ജെ പി 54, കോൺഗ്രസ് 23, ടിഡിപി17, ആം ആദ്മി പാർട്ടി 13 എന്നിങ്ങനെ വിവിധ കക്ഷികളിലുള്ളവർ ഇത്തരം കേസുകളിൽ പ്രതിയായിട്ടുണ്ട്. അവരാരും രാജിവച്ചിട്ടില്ല.
കേരളത്തിൽ ഇപ്പോൾ രണ്ട് എം എൽ എമാർക്കെതിരെ കേസുണ്ട്. അതിലൊരാൾ ജയിലിൽ കിടന്നിട്ടുണ്ട്. ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ, പിതാംബരക്കുറുപ്പ് തുടങ്ങിയവരുടേതെല്ലാം പേരിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും അവരാരും രാജിവച്ചിട്ടില്ല. മന്ത്രിമാരായിട്ടുള്ളവർ ആ സ്ഥാനം രാജിവയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനമാണ് രാജിവച്ചത്. പി ജെ ജോസഫ് അടക്കമുള്ളവർ രാജിവച്ചിട്ടുണ്ട്. കുറ്റം ആരോപിക്കപ്പെട്ടയാൾ രാജിവച്ചാൽ, അവർ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞാൽ തിരിച്ചെടുക്കുന്ന നിയമസംവിധാനമില്ല.
കേസന്വേഷണത്തിൽ എം എൽ എ എന്ന നിലയിൽ യാതൊരു തരത്തിലുള്ള ആനുകൂല്യവും നൽകേണ്ടതില്ല. സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റി. നീതി എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണം.