mammooty-

പത്മരാജൻ, ഭരതൻ എന്നീ ഇതിഹാസങ്ങളുടെ ശിഷ്യനായി മലയാള സിനിമയിലേക്ക് കാലെടുത്തവച്ച കലാകാരനാണ് ബ്ലെസി. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത ബ്ലെസിക്ക് ആദ്യ സിനിമയിൽ തന്നെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയെടുക്കാൻ സാധിച്ചു. ബ്ലെസി അവസാനമായി സംവിധാനം ചെയ്ത ആടുജീവിതവും സംസ്ഥാന പുരസ്‌കാരത്തിൽ തിളങ്ങി.

പത്മരാജൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'നൊമ്പരത്തിപ്പൂവിൽ' ബ്ലെസി സഹസംവിധായകനായി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ സംഭവിച്ച ചില മറക്കാനാവാത്ത അനുഭവങ്ങൾ ബ്ലെസി തുറന്നുപറയുകയാണ്. ഷൂട്ടിനിടെ തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് നടൻ മമ്മൂട്ടി വഴക്ക് പറഞ്ഞതും ശേഷമുണ്ടായ വിഷമത്തെക്കുറിച്ചുമാണ് ബ്ലെസി തുറന്നുപറയുന്നത്.

ബ്ലെസിയുടെ വാക്കുകളിലേക്ക്
'ആദ്യത്തെ സിനിമയിൽ ലാലേട്ടന്റെ മുഖത്താണ് ക്ലാപ്പ് ബോർഡ് വച്ചതെങ്കിൽ, അനൗൺസ് ചെയ്യേണ്ട പ്രശ്നമില്ലാത്തത് കൊണ്ട് എനിക്ക് വലിയ പ്രശ്നമായി തോന്നിയില്ല. മുക്കിയും ഞരങ്ങിയും സംസാരിക്കുന്ന ആളാണ് ഞാൻ, ഇപ്പോഴും അങ്ങനെയാണ്. ഇതിനേക്കാൾ മോശമായ ഒരു സമയമായിരുന്നു അന്ന്. അങ്ങനെ ആദ്യമായി അനൗൺസ് ചെയ്ത് ക്ലാപ്പ് കാണിക്കണം. മമ്മൂക്കയുടെ സീനായിരുന്നു അന്ന് ഷൂട്ട് ചെയ്തത്.

അദ്ദേഹം അധികം സംസാരിക്കുന്നില്ല. ഗൗരവത്തോടെ നിൽക്കുന്ന ഒരു സ്വഭാവമായിരുന്നു. അന്ന് പൂജപ്പുര രാധാകൃഷ്ണൻ ചേട്ടനായിരുന്നു എന്റെ ഗൈഡ്. എങ്ങനെ ചെയ്യണമെന്നൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നിരുന്നു. അങ്ങനെ അനൗൺസ് ചെയ്ത് ക്ലാപ്പടിക്കാറായപ്പോൾ എന്റെ നാവ് അങ്ങ് കുഴഞ്ഞു. ഞാൻ അവിടെ നിന്ന് ബ..ബ.. അടിച്ചു. ഇത് കേട്ടതോടെ എല്ലാവരും ചിരിയും ബഹളവുമായി. ശേഷം വീണ്ടും ചെയ്തപ്പോൾ നാവ് വീണ്ടും കുഴഞ്ഞു.

ഇത് കേട്ടതോടെ മമ്മൂക്ക വളരെ ദേഷ്യപ്പെട്ടു. വേറെ ആരുമില്ലേ ഇവിടെ ഇതൊന്ന് അടിക്കാൻ എന്ന് പറഞ്ഞ് അദ്ദേഹം ഷൗട്ട് ചെയ്തു. അപ്പോഴത്തേക്ക് എന്റെ പണി തെറിച്ചത് പോലെയായി. ഈ സിനിമയിൽ നിന്ന് കിട്ടുന്ന പ്രഹരമൊക്കെ എനിക്ക് എന്റെ ജീവിതം അവസാനിക്കുമെന്ന തോന്നലുണ്ടാക്കി തുടങ്ങി. ഇതോടുകൂടി ഞാൻ ഇല്ലാണ്ടായിപ്പോകുന്നുണ്ടോ എന്നൊരു ഭയം ഉണ്ടായി.

മമ്മൂക്ക അന്ന് അവിടെ വച്ച് വഴക്കുപറഞ്ഞതോടെ ചിലർ ചിരിക്കുന്നു. ചിലർക്ക് എന്ത് പറയണമെന്ന് അറിയാതെ ഇരിക്കുന്നു. ഞാൻ ആ സമയത്ത് വളരെ സോഫ്റ്റായിട്ടുള്ളൊരു പയ്യനാണ്. അന്ന് ഞാൻ കരച്ചിലിന്റെ വക്കത്തായി. എനിക്ക് ആകെയുള്ള പണി അതായിരുന്നു. ഇത് ചെയ്യണ്ട എന്ന് പറഞ്ഞാൽ ഞാൻ വണ്ടി കയറേണ്ടി വരും. അന്ന് അതൊക്കെ ഞാൻ ചിന്തിച്ചു തുടങ്ങി. ശേഷം ഞാൻ തലതാഴ്ത്തി പത്മരാജൻ സാറിന്റെ മുന്നിൽ നിന്നു. സാർ എന്റെയടുത്ത്, സാരമില്ലടാ നീ അത് നന്നായിട്ട് പഠിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. ഉച്ച കഴിഞ്ഞ് നീ തന്നെ പറഞ്ഞാൽ മതിയെന്നും പറഞ്ഞു'.