ലൈംഗികാതിക്രമ പരാതിയുയർന്ന ഇടവേള ബാബുവിനൊപ്പമുള്ള വൈറൽ ടിക് ടോക്ക് വീഡിയോയിൽ പ്രതികരിച്ച് നടി ശാലിൻ സോയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആലുവ സ്വദേശിനിയായ നടി ഇടവേള ബാബുവിനെതിരെ പരാതി നൽകിയത്. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഇടവേള ബാബു പീഡിപ്പിച്ചുവെന്നാണ് നടി പരാതിയിൽ പറയുന്നത്. പരാതിയിൽ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് ശാലിനുമൊത്തുള്ള ഇടവേള ബാബുവിന്റെ ദൃശ്യങ്ങൾ വൈറലാവുന്നത്.
ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ 'മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ' എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് ശാലിനും ഇടവേള ബാബുവും ടിക് ടോക് ചിത്രീകരിച്ചിരിക്കുന്നത്.
'ഇക്കാര്യത്തിൽ ഞാൻ എന്താണ് പറയേണ്ടത്? വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ സെറ്റിൽ വച്ചെടുത്ത ടിക് ടോക് വീഡിയോ ആയിരുന്നു അത്. അന്ന് ആ പാട്ട് വൈറൽ ആയിരുന്നു. ആ പാട്ടിൽ പേരുള്ള ആളുമായി വീഡിയോ ചെയ്താൽ നന്നാകുമെന്ന് കരുതി ചെയ്തതാണ്. ഇത്രയും വർഷങ്ങൾക്കുശേഷം ആ പഴയ വീഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കി. ഇത് സൈബർ ബുള്ളിയിംഗിന്റെ മറ്റൊരു തലമാണ്.
നിങ്ങൾ പറയൂ, ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ വിശദീകരണം തന്നാലും അതിന്റെ പേരും പറഞ്ഞ് എന്നെ വീണ്ടും ട്രോളില്ലേ? സൈബറിടം ക്രൂരമാണെന്ന് എനിക്ക് നന്നായി അറിയാം. പേരില്ലാത്ത സൈബർ ഭീഷണിക്കാരാണ് പ്രതി സ്ഥാനത്തുള്ളത്. അവരെ ഞാൻ വെറുക്കുന്നു'- എന്നാണ് ശാലിൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.