d

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി ഡൽഹി-ഹരിയാന ശംഭു അതിർത്തിയിലെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. 200 ദിവസമായി കർഷകർ പ്രതിഷേധിക്കുന്നത് വേദനയുണ്ടാക്കുന്ന കാഴ്ചയാണെന്ന് വിനേഷ് പറഞ്ഞു. കർഷകരാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്. ഇവരില്ലാതെ ഒന്നും സാധിക്കില്ല. നമ്മളെ ഊട്ടുന്നവരാണ് അവ‌ർ. ഇവരെ കേൾക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്.

എല്ലാവരും ഈ രാജ്യത്തെ പൗരന്മാരാണ്. നമ്മൾ ശബ്ദമുയർത്തിയാൽ അത് രാഷ്ട്രീയമല്ല. വാഗ്ദാനങ്ങൾ പാലിക്കണം. കർഷകർ തെരുവിൽ ഇരുന്നാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല. ഒരു മകൾ അവർക്കൊപ്പം നിൽക്കുകയും അവരുടെ അവകാശങ്ങളും നീതിയും ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു-വിനേഷ് പറഞ്ഞു. സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ ഫോഗട്ടിനെ കർഷക നേതാക്കൾ അഭിനന്ദിച്ചു.സമരത്തിന്റെ 200-ാം ദിവസമായിരുന്ന ഇന്നലെ കർഷകർക്ക് പിന്തുണയുമായെത്തിയ തനിക്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നും വിനേഷ് വ്യക്തമാക്കി.

രാഷ്‌ട്രീയത്തിലേക്കെന്ന് അഭ്യൂഹം

നിർഭാഗ്യം കൊണ്ട് ഒളിമ്പിക് മെഡൽ നഷ്‌ടമായതിലൂടെ രാജ്യത്തിന്റെ മുഴുവൻ വേദനയായി മാറിയ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി. ഗുസ്‌തിക്കാരുടെ നാടായ ഹരിയാനയിൽ നിന്ന് വിനേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായാണ് വിവരം. എന്നാൽ പ്രതികരിക്കാൻ വിനേഷ് ഇന്നലെ തയ്യാറായില്ല. ഒരു കായികതാരമെന്ന നിലയിലാണ് താൻ ശംഭു അതിർത്തിയിൽ കർഷകരെ കാണാൻ എത്തിയതെന്നും തിരഞ്ഞെടുപ്പുമായി സന്ദർശനത്തെ ബന്ധിപ്പിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായികതാരമെന്ന നിലയിലാണ് വന്നത്.

കോൺഗ്രസ് ടിക്കറ്റ് നൽകിയാൽ മത്സരിക്കുമോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കില്ലെന്ന മറുപടിയാണ് വിനേഷ് നൽകിയത്.

ഗുസ്‌തി ഫെഡറേഷൻമുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൻ സിംഗിനെതിരെ ലൈംഗികാരോപണമുയർന്നപ്പോൾ പ്രതിഷേധവുമായി മുന്നിൽ നിന്ന താരങ്ങളിലൊരാളാണ് വിനേഷ്. ബ്രിജ് ഭൂഷണിനെ താഴെയിറക്കാൻ സാധിച്ചെങ്കിലും അദ്ദേഹവുമായി ബന്ധമുള്ള സഞ്ജയ് സിംഗ് പുതിയ പ്രസിഡന്റ് ആയതിൽ വിനേഷ് അടക്കമുള്ളവർ നിരാശയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ബി.ജെ.പിയെ രാഷ്‌ട്രീയമായി നേരിടണമെന്ന അഭിപ്രായം ഗുസ്‌തിതാരങ്ങൾക്കുണ്ട്. പാരീസിൽ നിന്ന് ഒളിമ്പിക്സിന് ശേഷം മടങ്ങിയെിയ വിനേഷിന്റെ സ്വീകരണ പരിപാടിയിൽ മുഴുനീളം കോൺഗ്രസ് നേതാവും എംപിയുമായ ദീപേന്ദ്ര ഹൂഡയുടെ സാന്നിധ്യമുണ്ടായിരുന്നു.