ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനകളുടെ ഏറ്റുമുട്ടലിൽ ഒരു ആനയ്ക്ക് ഗുരുതര പരിക്ക്. ചക്കക്കൊമ്പൻ, മുറിവാലൻ എന്നീ കാട്ടാനകളാണ് ഏറ്റുമുട്ടിയത്. മുറിവാലനാണ് ഗുരുതരമായി പരിക്കേറ്റത്. ചിന്നക്കനാലിലെ ശാന്തൻപാറ മേഖലയിൽ സ്ഥിരമായി നാശം വിതച്ചിരുന്ന ആനകളാണിവർ.
മുൻപ് ചിന്നക്കനാൽ സിങ്കകണ്ടം ഭാഗത്തുവച്ച് ആനകൾ ഏറ്റുമുട്ടിയതിനെത്തുടർന്ന് മുറിവാലന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷവും ആനകൾ തമ്മിൽ കൊമ്പുകോർത്തിരിക്കാമെന്ന് വനപാലകർ പറയുന്നു. വനംവകുപ്പ് അധികൃതർ മുറിവാലനെ നിരീക്ഷിച്ച് വരികയായിരുന്നു.
ഇന്നലെ ചിന്നക്കനാൽ അറുപതേക്കർ ഭാഗത്ത് മുറിവാലനെ കണ്ടിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയായപ്പോൾ ആന അവശനിലയിലായി. വനംവകുപ്പ് അധികൃതർ ചികിത്സ തുടങ്ങിയിട്ടുണ്ട്. ആന്റി ബയോട്ടിക്കുകൾ നൽകി. കിടപ്പിലായ ആനയുടെ ശരീരം വെള്ളമൊഴിച്ച് തണുപ്പിക്കുകയും ചെയ്യുന്നുണ്ട്. ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമവും തുടരുന്നു. ഗുരുതരാവസ്ഥയിൽ തുടരുന്ന ആന ചരിയുമോയെന്ന ആശങ്കയിലാണ് വനപാലകർ.