e

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ വാഹനം ഇടിച്ചു കയറ്റിയ സിവിക് വൊളന്റിയർ അറസ്റ്റിൽ. കൊൽക്കത്ത പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്ന സിവിക് വൊളന്റിയറായ ഗംഗാസാഗർ ഘോഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ

പ്രതിഷേധക്കാർക്കിടയിലേക്ക് ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവ സമയം ഇയാൾ മദ്യപിച്ചിരുന്നു. ഇയാളുടെ ബൈക്കിൽ കൊൽക്കത്ത പൊലീസിന്റെ സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ പുലർച്ചെ 3.45ന് കൊൽക്കത്തയിലെ ബി.ടി റോഡിൽ പ്രതിഷേധിക്കുകയായിരുന്ന രബീന്ദ്ര ഭാരതി സർവകലാശാലയിലെ വിദ്യാർത്ഥികൾക്കിടയിലേക്കാണ് വാഹനം ഇടിച്ചു കയറ്റിയത്. തുടർന്ന് കൂടുതൽ പ്രതിഷേധക്കാർ വരികയും ഗംഗാസാഗറിനെ വളയുകയും ചെയ്തു. കയർത്ത് സംസാരിച്ച പ്രതി പിന്നീട് മാപ്പ് പറഞ്ഞു. എന്നാൽ സിവിക് വോളന്റിയറെ രക്ഷപ്പെടാൻ ട്രാഫിക് സർജന്റ് സഹായിച്ചതായി സമരക്കാർ ആരോപിച്ചു.

തുടർന്ന് ഗംഗാസാഗറിനെ അറസ്റ്റ് ചെയ്യുംവരെ വിദ്യാ‌ർത്ഥികൾ പ്രതിഷേധിച്ചു.

ആഴത്തിൽ ബാധിച്ചു:പരിപാടി

മാറ്റി ശ്രേയ ഘോഷാൽ

ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുന്നതിനിടെ കൊൽക്കത്തയിലെ സംഗീത പരിപാടി മാറ്റിവച്ച് ഗായിക ശ്രേയ ഘോഷാൽ. ഭയങ്കരവും ഹീനവുമായ സംഭവം തന്നെ ആഴത്തിൽ ബാധിച്ചെന്നും സ്ത്രീയെന്ന നിലയിൽ അവൾ നേരിട്ട ക്രൂരത ചിന്തിക്കാനാവില്ല. രാജ്യത്തെ മാത്രമല്ല,​ ലോകത്തിലെ സ്ത്രീകളുടെ ബഹുമാനത്തിനും സുരക്ഷക്കും വേണ്ടി പ്രാർത്ഥിക്കുന്നെന്നും ശ്രേയ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. സെപ്തംബർ 14ന് നിശ്ചയിച്ചിരുന്ന പരിപാടി ഒക്ടോബറിലേക്ക് മാറ്റുകയാണെന്നും അറിയിച്ചു.