മണ്ണാർക്കാട്: അയൽവാസിയായ യുവാവിനെ കല്ലുകൊണ്ടിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ പ്രതിയെ ആറു വർഷവും മൂന്നുമാസവും തടവിന് വിധിച്ചു. 40,500 രൂപ പിഴയും അടയ്ക്കണം.
അഗളി പാക്കുളം സ്വദേശി ബിനുവിനെ(34) ആക്രമിച്ചകേസിലാണ് പാക്കുളം രാമവിലാസം വീട്ടിൽ സുരേഷിനെ (34) മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്. ഐ.പി.സി. 323 വകുപ്പുപ്രകാരം മൂന്നുമാസത്തെ തടവിനും 500 രൂപ പിഴ അടയ്ക്കുവാനും പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസത്തെ അധികതടവിനും വിധിച്ചു. 324 വകുപ്പുപ്രകാരം ഒരു വർഷത്തെ കഠിന തടവും 10,000 രൂപ പിഴയുമടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണം. 308 വകുപ്പുപ്രകാരം നാലുവർഷത്തെ കഠിന തടവ് അനുഭവിക്കുകയും 20,000 രൂപ പിഴയുമടയ്ക്കണം. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധിക തടവും അനുഭവിക്കണം. പട്ടികജാതിപട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ഒരു വർഷത്തെ കഠിനതടവിനും 10,000 രൂപ പിഴ അടയ്ക്കുവാനുമാണ് വിധിച്ചത്. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷത്തെ അധിക കഠിന തടവും അനുഭവിക്കണം, പിഴ തുകയിൽനിന്ന് പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരമായി നൽകുവാനും വിധിച്ചു. 2022 ലാണ് കേസിനാസ്പദമായ സംഭവം. ബിനുവിനോടുള്ള മുൻവൈരാഗ്യത്താലായിരുന്നു ആക്രമണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാക്കുളത്ത് വെച്ചുണ്ടായ വാക് തർക്കത്തിനിടെ ബിനുവിനെ പ്രതി തലയിൽ കല്ലുകൊണ്ടിടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. അഗളി പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ അഗളി ഡിവൈ.എസ്.പി.യായിരുന്ന എൻ.മുരളീധരൻ, സി.ഐ. സലീം, എസ്.ഐ. ജയപ്രസാദ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഒമ്പതുസാക്ഷികളേയും വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി.ജയൻ ഹാജരായി.