കോഴിക്കോട്: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടലിന് 70,000 രൂപ പിഴ ചുമത്തി ഭക്ഷ്യസുരക്ഷ വകുപ്പ്. എലത്തൂർ പല്ലാത്ത് എരവന്നൂർ റോഡിൽ പ്രവർത്തിച്ച ന്യൂ പാരിസ് ഹോട്ടലിനെതിരെയാണ് നടപടി. പാക്ക് ചെയ്ത് വിതരണം നടത്തിക്കൊണ്ടിരുന്ന പാക്കറ്റിൽ പാക്കിംഗ് സമയമോ, രണ്ട് മണിക്കൂറിനകം ഉപയോഗിക്കണമെന്ന നിർദ്ദേശമോ പതിച്ചിരുന്നില്ല. അതിന് 5000 രൂപ അധിക പിഴയും ചുമത്തി. എലത്തൂർ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ റിസ്ന എ.സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്നത് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. എല്ലാത്തരം ഭക്ഷ്യസാധനങ്ങൾ സംഭരിക്കുന്നവരും വില്പന നടത്തുന്നവരും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കണമെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു.