തൃശൂർ : ഹീവാൻസ് നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയർമാൻ സുന്ദർ മേനോനും കമ്പനി ഡയറക്ടർ സി.എസ്.ശ്രീനിവാസനും എതിരെയുള്ള കുരുക്ക് മുറുകുന്നു. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും കഴിഞ്ഞദിവസം ചേർപ്പ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഒമ്പത് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിയ്യൂർ ജില്ലാ ജയിലിൽ കഴിയുന്ന ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി സ്റ്റേഷനിൽ കൊണ്ടുവന്ന് മൊഴിയെടുത്തത്.
ഇതിനിടെ പണം നഷ്ടപ്പെട്ട 250ഓളം പേർ തൃശൂർ, പാലക്കാട് ജില്ലകളിലായി പരാതി നൽകി. നേരത്തെ തൃശൂർ, ആലത്തൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 18 കേസുമായി ബന്ധപ്പെട്ടാണ് സുന്ദർമേനോൻ, ശ്രീനിവാസൻ, ബിജു മണികണ്ഠൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹീവാൻസ് കമ്പനിക്കുണ്ടായിരുന്ന 18 ബ്രാഞ്ചുകൾ ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പലർക്കും പതിനായിരം മുതൽ ഒരു കോടിയോളം വരുന്ന തുക നഷ്ടപ്പെട്ടിട്ടുണ്ട്. പരാതികൾ മുഴുവൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇതിനിടെ ജനങ്ങൾ നിക്ഷേപിച്ച പണം ഇവർക്ക് പങ്കാളിത്തമുള്ള മറ്റ് സ്ഥാപനത്തിലേക്ക് മാറ്റിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇത് സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്.