ആലപ്പുഴ: മാവേലിക്കര പുന്നമൂട് ജംഗ്ഷന് സമീപം ആളില്ലാത്ത നാലോളം വീടുകളിൽ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത് ഉൾപ്പടെ നിരവധി മോഷണ ക്കേസുകളിൽ പ്രതിയായ തിരുവനന്തപുരം നെടുമങ്ങാട് സജിന മൻസിലിൽ നസീം (റോയി -52) പിടിയിൽ. ചെങ്ങന്നൂർ ഡിവൈ.എസ്. പി.യുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്ത് നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ 16നാണ് വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് പണവും സ്വർണവും വിദേശ കറൻസികളും കവർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി ചങ്ങനാശ്ശേരിയിലെ പായിപ്പാട് നിന്ന് മാവേലിക്കരയിലെത്തിയാണ് മോഷണം നടത്തിയതെന്ന് മനസിലായി. പ്രാദേശികമായി നടത്തിയ രഹസ്യാന്വേഷണത്തിൽ കവിയൂർ പടിഞ്ഞാറ്റുംശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ലക്കാരൻ റോയിയാണ് മോഷ്ടാവെന്ന് വിവരം ലഭിച്ചു. ഇയാളുടെ യഥാർത്ഥ പേര് നാട്ടുകാർക്കോ അടുപ്പക്കാർക്കോ അറിയില്ലായിരുന്നു. സാങ്കേതിക രീതിയിലുള്ള അന്വേഷണത്തിലാണ് റോയി എന്ന് വിളിക്കുന്ന നസീമാണ് മോഷ്ടാവെന്ന് ഉറപ്പിച്ചത്. തിരുവല്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ ഇ.നൗഷാദ്, അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗംഗാപ്രസാദ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്‌ക്കർ, സിവിൽ പൊലീസ് ഓഫീസറായ അനന്ത മൂർത്തി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു.