m

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ)​ അവതരണം (ഒഫീഷ്യൽ ലോഞ്ച്),​​ ഇന്നലെ തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻ ലാൽ നിർവഹിച്ചു.കായികമന്ത്രി വി.അബ്‌ദുറഹിമാൻ ചാമ്പ്യൻമാർക്കുള്ള ട്രോഫി അനാവരണം ചെയ്തു..ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹന്‍ലാല്‍ നിര്‍വഹിച്ചു. ലീഗിൽ പങ്കെടുക്കുന്ന ആറു ടീമുകളുടേയും ഫ്രാഞ്ചൈസി ഉടമകൾക്ക് മെമന്റോ സമ്മാനിച്ചു. ഓരോ ടീമുകളിലേയും കളിക്കാരേയും പരിചയപ്പെടുത്തി.

കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർ‌ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിനോദ് എസ്.കുമാർ,കെ.സി.എൽ ചെയർമാൻ നാസർ മച്ചാർ,​ വനിതാ ക്രിക്കറ്റ് ഗുഡ്‌വിൽ അംബാസിഡർ കീർത്തി സുരേഷ് എന്നിവര്‍. പങ്കെടുത്തു.

ഇന്ത്യൻ ടീമിൽ ഇടവേളകളില്ലാതെ

മലയാളികൾ ഉണ്ടാകും

ഇന്ത്യൻ ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് നടൻ മോഹൻലാൽ പറഞ്ഞു. കെ.സി.എല്ലിന്റെ അവതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് കായിക വിനോദത്തിനുമപ്പുറം ഒരു വികാരമാണ്. കേരളത്തിൽ ഏ​റ്റവുമധികം ആരാധകരുള്ള രണ്ട് കായികവിനോദങ്ങൾ ക്രിക്കറ്റും​ഫുട്‌ബാളുമാണ്. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമൊക്കെ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു തങ്ങളടേത്. ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു സാംസൺ വരെ കയ്യൊപ്പിട്ട ബാ​റ്റുകളേന്തിയാണ് കളി പഠിക്കാനിറങ്ങുന്നത്. ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് ഇപ്പോൾ കെ.സി.എയം ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാർക്ക് നൽകുന്നത്.

വനിതാ ഇന്ത്യൻ ടീമിൽ ഈ വർഷം മിന്നു മണി, ആശാ ശോഭന, സജന സജീവൻ എന്നീ മൂന്നു മിടുക്കികൾക്ക് അവസരംലഭിച്ചതുതന്നെ കെ.സി.എയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ധാരാളമാണ്. ഒരുകൂട്ടം ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ച കെ.സി.എയ്ക്ക് ഇനിയും ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിന് അവർക്ക് സാധിക്കുമെന്നും മോഹൻലാൽ പറഞ്ഞു.കേരളത്തിലെ കായികരംഗത്ത് സംസ്ഥാന സർക്കാർ രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി ട്രോഫി അനാവരണം ചെയ്തുകൊണ്ട് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

നാളെ തുടക്കം

കെ.സി.എല്ലിന് നാളെ കാര്യവട്ടം ഗ്രീൻഫീൽഡിൽ തുടക്കമാകും.സ്റ്റാർ സ്പോർട്സ് 1 ചാനലിലും ഒടിടി ഫ്ലാറ്റ്ഫോമായ ഫാൻ കോഡിലും തൽസമയ സംപ്രേഷണമുണ്ട്