mohanlal

തിരുവനന്തപുരം: മലയാള സിനിമയുടെ യശസ് ഉയർത്തിയ കലാകാരനാണ് മോഹൻലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'മലയാള സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുകയും മലയാള സിനിമയുടെ യശസ് ഉയർത്തുകയും ചെയ്യുന്ന കലാകാരനാണ് മോഹൻലാൽ. മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹൻലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണ്. കേരളത്തെയും കേരളീയരേയും നെഞ്ചോട് ചേർത്തുനിർത്തുന്ന കലാകാരനാണ് ലാൽ',- മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമ മേഖലയിൽ ഉയർന്ന വിവാദത്തിന്റെ അടിസ്ഥാനത്തിൽ താരസംഘടനയായ അമ്മയിലെ കൂട്ട രാജിയെ തുടർന്ന് മോഹൻലാൽ അടക്കം വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. ഇന്ന് ഉച്ചയ്ക്ക് മോഹൻലാൽ മാദ്ധ്യമങ്ങളെ കണ്ടിരുന്നു.

താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നാണ് മോഹൻലാൽ മാദ്ധ്യമങ്ങളോട് ഇന്ന് പ്രതികരിച്ചത്. അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആധികാരികമായി മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാൻ എവിടേക്കും ഒളിച്ചോടിപ്പോയിട്ടില്ല. നിങ്ങളുടെയൊപ്പം നാൽപ്പത്തിയേഴ് കൊല്ലം സഞ്ചരിക്കുകയാണ്. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് വരാതിരുന്നത്. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. പിന്നെ ബറോസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടൊക്കെയാണ് വരാതിരുന്നത്.

മറ്റെല്ലാ സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങൾ സിനിമയിലും സംഭവിക്കുന്നു. അതിനെ ഞാൻ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ട് തവണ ആ കമ്മിറ്റിയുടെ മുന്നിൽ പോയിരുന്ന് സംസാരിച്ചയാളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഞാൻ മറുപടി പറഞ്ഞു. ഞാനൊരു നടനാണ്. ഞാനൊരു നിർമാതാവാണ്. എന്റെ സിനിമയെക്കുറിച്ച് അറിയാവുന്നതൊക്കെ പറഞ്ഞു. എന്നോട് ചോദിക്കുന്നത് സിനിമയെപ്പറ്റിയാണ്. അതെല്ലാം എനിക്ക് പറയാൻ സാധിക്കില്ല. എനിക്കറിയാവുന്ന കാര്യങ്ങളാണ് ഞാൻ ആ കമ്മിറ്റിയിൽ പറഞ്ഞത്,'- മോഹൻലാൽ പറഞ്ഞു.