കൊച്ചി: നടിയുടെ ലെെംഗിക അതിക്രമ പരാതിയിൽ നടൻ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു. എറണാകുള പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹർജി നൽകിയത്. ഫോർട്ടുകൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹർജി. കേസ് പരിഗണിക്കാനായി സെപ്തംബർ ആറിലേക്ക് മാറ്റി. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി എന്നതടക്കമാണ് നടിയുടെ പരാതിയെന്നാണ് വിവരം. ഇതേ നടിയുടെ പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, പീഡന കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി. കൊച്ചിയിലെ മരടിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. മുകേഷിനെതിരെ ലെെംഗികാതിക്രമം ഉന്നയിച്ച പരാതിക്കാരിയെയും വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോൽ മുകേഷ് നേരത്തെ കെെമാറിയിരുന്നില്ല. ഇതോടെ ഇന്നലെ വെെകിട്ട് വീട്ടിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങുകയായിരുന്നു.
മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ മുകേഷ് രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. ലൈംഗികാരോപണം നേരിട്ട എം.എൽ.എമാർ ആരും രാജി വച്ചിട്ടില്ലെന്നും രാജ്യത്ത് ഇത്തരം ആരോപണം നേരിടുന്ന നിരവധി എം.പിമാരും എം.എൽ.എമാരും ഉണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എന്നാൽ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുമെന്നും സംസഥാന സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു.