d

ഗർഭ നിരോധന ഉറകളുടെ നിർമ്മാതാക്കളായ ഡ്യൂറെക്സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി വിവരം. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ശേഖരിച്ച ഉപഭോക്താക്കളുടെ പേരുകൾ,​ ബന്ധപ്പെടാനുള്ള വിവരങ്ങൾ,​ ഇ മെയിൽ വിലാസം,​ ഷിപ്പിംഗ് വിലാസം എന്നിവ ആർക്കു വേണമെങ്കിലും പരിശോധിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.

തന്ത്രപ്രധാനമായ ഉപഭോക്തൃ വിവരങ്ങൾ ചോർന്നതായി സുരക്ഷാ ഗവേഷകനായ സൗരജിത് മജുംദാറാണ് ആദ്യം കണ്ടെത്തിയത്. ഉപഭോക്താക്കളുടെ കൃത്യമായ എണ്ണം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഡ്യൂറക്സ് ഇന്ത്യയുടെ ഓർഡർ സ്ഥിരീകരിക്കുന്ന പേജിന് ശരിയായ ആധികാരിക ഇല്ലാത്തതിനാൽ നൂറുകണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ പുറത്തായതായി ഗവേഷകർ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ ഓർ‌ഡർ വിശദാംശങ്ങൾ ഓൺലൈനിൽ ആക്സസ് ചെയ്യാനും കഴിയും. അതേസമയം കമ്പനി ഇക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. സാമ്പത്തിക തട്ടിപ്പുകൾക്ക് വരെ ഈ വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം. വിവര ചോർച്ചയിലൂടെ ഉപഭോക്താവിന്റെ സ്വകാര്യത അപകടത്തിലായിരിക്കുകയാണെന്നും സദാചാര പൊലീസിംഗിന് ഇവർ ഇരയായേക്കാമെന്നും സുരക്ഷാ ഗവേഷകനായ സൗരജിത് മജുംദാർ പറഞ്ഞു.