vvv

മലപ്പുറം: മൺസൂൺ മഴയിൽ ജില്ലയിൽ ഉണ്ടായത് 5.59 കോടിയുടെ കൃഷിനാശം. ജൂൺ ഒന്നു മുതൽ ജൂലായ് 30 വരെയുള്ള കണക്ക് പ്രകാരമാണിത്. വേനൽമഴയിലും വരൾച്ചയിലും മൂന്ന് കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായിരുന്നു. ഇതിന്റെ ആഘാതത്തിന് പിന്നാലെയാണ് കർഷകരെ കടക്കെണിയിലാക്കി കനത്ത മഴയിലും കാറ്റിലും വീണ്ടും വലിയ നാശനഷ്ടമുണ്ടായത്. കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം.

മൺസൂൺ മഴയിൽ ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 47.37 ഹെക്ടറിലായി 4.98 കോടിയുടെ വാഴയാണ് നശിച്ചത്. മറ്റ് കൃഷികൾക്കെല്ലാമായി 61 ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വാഴകൾ ഒടിഞ്ഞു തൂങ്ങിയത്. 29.51 ഹെക്ടറിൽ 3.57 കോടിയുടെ നാശമുണ്ടായി. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ള വാഴക്കാട് അടക്കം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. പരപ്പനങ്ങാടി ബ്ലോക്കിൽ 4.67 ഹെക്ടറിൽ 46.77 ലക്ഷം രൂപയുടെയും കാളികാവ് ബ്ലോക്കിൽ അഞ്ച് ഹെക്ടറിൽ 39 ലക്ഷത്തിന്റെയും നഷ്ടം വാഴ കർഷകർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

കട പുഴകി തെങ്ങ്

കനത്ത കാറ്റിൽ വ്യാപകമായി തെങ്ങുകൾ കട പുഴകിയിട്ടുണ്ട്. 3.85 ഹെക്ടറിൽ 13.26 ലക്ഷം രൂപയുടെ തെങ്ങ് കൃഷി കാറ്റിൽ കടപുഴകിയിട്ടുണ്ട്. 6.60 ഹെക്ടറിലെ റബർ വീണപ്പോൾ 13.7 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കാളികാവ് ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ റബർ നഷ്ടം രേഖപ്പെടുത്തിയത്. 6.58 ഹെക്ടറിലെ നെൽകൃഷിയിലൂടെ 8.73 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. പത്ത് ഹെക്ടറിലെ മരച്ചീനി, 13 ഹെക്ടറിലെ കമുക്, അഞ്ച് ഹെക്ടറിലെ പച്ചക്കറി കൃഷി എന്നിവ നശിച്ചിട്ടുണ്ട്.