കാളികാവ്: അർദ്ധരാത്രി മലയിൽ ഭീകര ശബ്ദമുണ്ടായതിനെ തുടർന്ന് ഉരുൾ പൊട്ടിയെന്ന് ആശങ്കയുയർന്നു. ചോക്കാട് നാൽപ്പത് സെന്റിലാണ് സംഭവം. തുടർന്ന് അടിയന്തരമായി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് നാൽപ്പത് സെന്റിന് മുകളിലുള്ള മലയിൽ നിന്നാണ് തുടർച്ചയായി രണ്ടു മൂന്നു പ്രാവശ്യം ശബ്ദമുണ്ടായത്. ശബ്ദം കേട്ട് ഭയത്തിലായ ആദിവാസികൾ വീടിനു പുറത്തിറങ്ങി. വാർഡ്‌മെമ്പർ ഷാഹിനബാനുവിനെ വിവരമറിയിച്ചു . പൊലീസ്, റവന്യു, പഞ്ചായത്ത് അധികൃതർ പന്ത്രണ്ടരയോടെ കോളനിയുടെ മുകൾ ഭാഗത്തുള്ള അറുപതോളം കുടുംബങ്ങളെ താഴത്തെ പെടയന്താൾ ജി.എൽ.പി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാറപൊട്ടുന്ന ശബ്ദമാണ് കേട്ടതെന്ന് ആദിവാസികൾ പറഞ്ഞു. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അറിവായിട്ടില്ല.സംഭവത്തിന് ശേഷം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മലമുകളിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
പൊലീസ്, വില്ലേജ് അധികാരികൾ, പഞ്ചായത്ത് പ്രസിഡന്റ് സിറാജിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാർ, നാട്ടുകാർ തുടങ്ങി അമ്പതോളം പേർ ഏതാനും മിനിറ്റുകൾ കൊണ്ട് എല്ലാവരെയും താഴെയെത്തിച്ചു.ഇവർക്കു വേണ്ട ഭക്ഷണ സൗകര്യങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കി. വെള്ളിയാഴ്ച രാവിലെ ജിയോളജി, പൊലീസ്, റവന്യു, വനംവകുപ്പ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ പ്രതിനിധികളടങ്ങുന്ന സംഘം ശബ്ദം കേട്ട മലവാരം പരിശോധന നടത്തി. അപകട സാദ്ധ്യതകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം മാറ്റിപ്പാർപ്പിച്ച കുടുബങ്ങളെ സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിച്ചു.