മലപ്പുറം: വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ചാലിയാർ പുഴ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന ഇന്നും തുടരും. സൈന്യം, ഫയർഫോഴ്സ്, പൊലീസ്, സന്നദ്ധ പ്രവർത്തകർ ഇന്നലെ പരിശോധനയിൽ പങ്കാളികളായി. സ്‌കൂബ ടീമും എത്തിയിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ വനം വകുപ്പും പൊലീസ് തണ്ടർബോൾട്ട് സംഘവും സംയുക്തമായി ആരാണിപ്പുഴ മുതൽ ബാലൻതണ്ട് വരെയുള്ള ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. സംഘത്തിൽ രണ്ട് സി.ഐമാരും രണ്ട് ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരും എട്ട് തണ്ടർബോൾട്ട് സേനാംഗങ്ങളും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ പൂർണ്ണമായും കണ്ടെത്തുന്നത് വരെ ചാലിയാർ കേന്ദ്രീകരിച്ച് പരിശോധന തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇന്നലെ നിലമ്പൂരിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മന്ത്രി പി.പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ദൃശ്യങ്ങൾക്ക് വേണ്ടത്ര വ്യക്തയില്ലാത്ത സാഹചര്യത്തിൽ ഇത് പിന്നീട് ഉപേക്ഷിച്ചു. പ്രത്യേക പരിശീലനം ലഭിച്ച നായയേയും എത്തിച്ചിട്ടുണ്ട്.
രാവിലെ പോത്തുകല്ല് ഭാഗത്ത് ചാലിയാറിൽ വെള്ളം കുറഞ്ഞതോടെ ഇരുകരകളെയും ബന്ധിപ്പിച്ച് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വടം കെട്ടിയിട്ടുണ്ട്. പുഴയ്ക്ക് കുറകെ വേഗത്തിൽ കടക്കാൻ രക്ഷാപ്രവർത്തകരെ ഇത് തുണച്ചു. ബോട്ടുകളിലും ചങ്ങാടങ്ങളിലും ചിലർ നീന്തിയും വനഭാഗത്തോട് ചേർന്ന ചാലിയാറിന്റെ തീരങ്ങളിലെത്തി തെരച്ചിൽ നടത്തി. മറ്റിടങ്ങളിൽ നിന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചെങ്കിലും വനമേഖലയിൽ നിന്ന് ഇന്നലെ മറ്റൊന്നും ലഭിച്ചിട്ടില്ല.
മമ്പാട്, എടവണ്ണ, പോത്തുകല്ല്, വാഴക്കാട് തുടങ്ങി ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപത് കിലോമീറ്ററോളം ദൂരം വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങളും പുഴയോരങ്ങളിൽ അടിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനാൽ തീരം കേന്ദ്രീകരിച്ചാണ് ഇന്നലെ കാര്യമായ പരിശോധനകൾ നടന്നത്. മുളങ്കാടുകൾ, തീരത്തോട് ചേർന്ന് നിൽക്കുന്ന ചെടിക്കൂട്ടങ്ങൾ എന്നിവിടങ്ങൾ പ്രത്യേകം പരിശോധിച്ചിട്ടുണ്ട്. ചാലിയാർ കടന്നുപോവുന്ന കോഴിക്കോട് ജില്ലയിലെ കൂളിമാട് കേന്ദ്രീകരിച്ചും പരിശോധന നടന്നു. കഴിഞ്ഞ ദിവസം ഇവിടെ വെച്ച് ഒരു പെൺകുട്ടിയുടെ മൃതദേഹവും യുവാവിന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു.