മലപ്പുറം: സ്‌കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നാലര ഏക്കറിൽ വിളയിച്ച 1,000 കിലോ അരി വയനാട്ടിലെ ദുരിതബാധിതർക്കായി നൽകി പറപ്പൂർ ഇശാഅത്തുൽ ഉലൂം എച്ച്.എസ്.എസ് വിദ്യാർത്ഥികൾ. അരിയ്ക്ക് പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ പുട്ടുപൊടി എന്നിവ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ വി.ആർ.വിനോദിനെ ഏൽപ്പിച്ചു. 10,000 കിലോ നെല്ലാണ് ഈ വർഷം ജൈവകൃഷി രീതിയിലൂടെ വിദ്യാർത്ഥികൾ വിളയിച്ചിരുന്നത്.ഡെപ്യൂട്ടി കളക്ടർമാരായ ജോസഫ് സ്റ്റീഫൻ റോബിൻ, ഷെർളി പൗലോസ്, ഐ.യു.എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപകൻ എ.മമ്മു, പ്രിൻസിപ്പൽ സി.അസീസ്, മാനേജർ ടി.മൊയ്തീൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.