jayan
ജയൻ

മലപ്പുറം: നിരവധി പേരുടെ ജീവനും ജീവിതവും വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ പ്രകൃതിയുടെ കലിതുള്ളലിൽ ഒഴുകിയൊലിച്ചിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ അഞ്ച് വർഷം മുമ്പ് നടന്ന കവളപ്പാറ ദുരന്തത്തിന്റെ ഓർമ്മയിൽ വിതുമ്പുകയാണ് ഒരു ഗ്രാമം. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾ ഒരൊറ്റ രാത്രിയിൽ അപ്രത്യക്ഷമായപ്പോൾ കവളപ്പാറ ദുരന്തത്തെ അതിജീവിച്ചവർ അഞ്ച് വർഷം പിറകോട്ട് സഞ്ചരിച്ചു.
2019 ആഗസ്റ്റ് എട്ടിന് പെയ്ത തോരാമഴയിൽ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകിയ ദിവസം. രാത്രി എട്ടോടെ മുത്തപ്പൻ മലയുടെ ഒരു ഭാഗം അടർന്ന് താഴേക്ക് അതിവേഗം കുത്തിയൊലിച്ച് വന്ന് ആ ഗ്രാമത്തെ ഇല്ലാതാക്കി. 59 പേർക്ക് ജീവൻ നഷ്ടമായി. കണ്ടെടുക്കാനാവാത്ത 11 പേർ ഇപ്പോഴും അനാഥമായി ആ മണ്ണിനടിയിൽ എവിടെയോ ഉറങ്ങുന്നുണ്ടാവാം.

അപകടമറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കരുണ വറ്റാത്ത ഒരുകൂട്ടം മനുഷ്യർ ഒഴുകിയെത്തി. പിന്നീട് നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു. ജീവന്റെ ഒരു തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ തിരിച്ചെടുക്കണം എന്ന ദൃഢനിശ്ചയമായിരുന്നു ആ മുഖങ്ങളിൽ പ്രകടമായത്.

ദുരന്തം നടന്ന് അഞ്ച് വർഷമാകുമ്പോഴും കണ്ണീരുണങ്ങാതെ ഒരു ജനത അതിജീവനത്തിന്റെ പാതയിലാണ്.

അപകടഭീതിയിൽ 72 കുടുംബങ്ങൾ

ഇത്തവണയും മഴ കനത്തപ്പോൾ കവളപ്പാറ പരിസരത്തെ 72 കുടുംബങ്ങളും ഭൂദാനം സ്കൂളിലും വായനശാലകളിലുമൊക്കെയായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. മഴയുടെ ശക്തി കുറയുമ്പോൾ തിരികെ വീട്ടിലേക്ക്. അഞ്ച് വർഷമായി സ്ഥിരം കാഴ്ചയാണിത്.

ദുരന്തഭീഷണി നേരിടുന്ന മുത്തപ്പൻകുന്നിന് 200 മീറ്റർ ചുറ്റളവിലുള്ള 186 കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചപ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ പേറി ദുരന്തഭൂമിയുടെ പരിസര പ്രദേശങ്ങളിൽ ഭീതിയോടെ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകയാണ് 72 കുടുംബങ്ങൾ. മഴയൊന്ന് ശക്തി പ്രാപിച്ചാൽ ദുരന്തം വിളിപ്പാടകലെയുണ്ടെന്നും പൂർണ്ണ പുനരധിവാസം വേണമെന്നും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ കേസ് നൽകിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.

25 ആദിവാസി കുടുംബങ്ങളും 30 ജനറൽ വിഭാഗം കുടുംബങ്ങളും മുത്തപ്പൻ മലയ്ക്ക് താഴ്‌വാരത്തും ശേഷിക്കുന്ന 17 കുടുംബങ്ങൾ കവളപ്പാറ തോടിന് ഇരുവശങ്ങളിലുമായും താമസിക്കുന്നുണ്ട്. മഴക്കാലമായാൽ ഉറങ്ങാൻ പോലും ഇവരിൽ പലർക്കും ഭയമാണ്. അപ്രതീക്ഷിതമായി മഴ കനത്താൽ കവളപ്പാറ ദുരന്തം ആവർത്തിക്കുമോ എന്ന ചിന്ത ഇടയ്ക്കിടെ കടന്നെത്തും.

ദുരന്തപ്രദേശം കാട് പിടിച്ച് ആനകളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. ജനവാസ പ്രദേശങ്ങളിലേക്കും ഇടയ്ക്ക് ആനകളെത്തുന്നുണ്ട്.


വീടൊരുങ്ങി

ദുരന്തം നടന്ന 200 മീറ്റർ ചുറ്റളവിലുള്ള 108 കുടുംബങ്ങൾക്കാണ് ആദ്യഘട്ട പുനരധിവാസമെന്നോണം വീടുകൾ നിർമ്മിച്ച് നൽകിയത്. തുടർന്ന് 25 കുടുംബങ്ങളെയും കൂടി പട്ടികയിൽ ഉൾപ്പെടുത്തി വീടൊരുക്കി. ഇതിൽതന്നെ സംസ്ഥാന സർക്കാരിന്റെ ആറ് ലക്ഷം രൂപ വീതം ഉപയോഗിച്ച് 33 കുടുംബങ്ങളുടെ പേരിൽ ഭൂദാനത്ത് വാങ്ങിയ ഭൂമിയിൽ വീട് വച്ച് നൽകിയത് വ്യവസായി എം.എ.യൂസഫലി ആണ്. പി.വി.അബ്ദുൽ വഹാബ് എം.പിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്നതിനിടെ അദ്ദേഹവും മൂന്ന് വീടുകൾ നിർമ്മിച്ച് നൽകി. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആനക്കല്ലിലും ഞെട്ടിക്കുളത്തുമെല്ലാമായി വീടുകളൊരുങ്ങി.
ഓരോ വീടുകളിലേക്കും 12 അടി വീതിയിലുള്ള റോഡ് സൗകര്യമുണ്ട്. കൂടാതെ, കുടിവെള്ളവും ഫർണ്ണിച്ചറും തെരുവുവിളക്കുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. 186 വീടുകൾ ദുരന്തം എത്തിനോക്കാത്ത ഇടങ്ങളിൽ ഉയർന്നുവന്നു.

കവളപ്പാറ ദുരന്തത്തെ കരുത്തുറ്റ മനസ്സോടെ നേരിട്ട ജനത വയനാട് ദുരന്തത്തിലും പകച്ച് നിൽക്കാതെ ചാലിയാറിലേക്കിറങ്ങിയത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ജീവന്റെ തുടിപ്പ് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ തിരിച്ച് പിടിക്കാനുള്ള ശ്രമം കണ്ടപ്പോൾ അഞ്ച് വർഷം പുറകോട്ട് പോയി. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളും മോഹങ്ങളും തകർത്തെറിഞ്ഞ ദുരന്തം ഈ നാട്ടുകാർക്ക് ഭീതിജനകമായ ഓർമ്മയാണ്.
സുജ, കവളപ്പാറ ദുരന്തത്തിലെ അതിജീവിത

വയനാട് ദുരന്തം ശ്രീരാജിന് നനവുള്ള ഓർമ്മ

വയനാട് ദുരന്തവാർത്ത മാദ്ധ്യമങ്ങളിലൂടെയറിഞ്ഞപ്പോൾ ശ്രീരാജ് അഞ്ച് വർഷം മുമ്പ് കവളപ്പാറ ദുരന്തത്തിൽ തനിക്ക് നഷ്ടപ്പെട്ട അമ്മയേയും അച്ഛനേയും സഹോദരനേയും സഹോദരിയേയും മുത്തച്ഛനേയും മുത്തശ്ശിയേയും ഓർത്ത് വിതുമ്പി. തന്നെപ്പോലെ ഒറ്റ രാത്രി കൊണ്ട് അനാഥരായവർക്ക് വേണ്ടി കണ്ണടച്ച് പ്രാർത്ഥിച്ചു. ഇനിയും മണ്ണിലെവിടെയോ ആണ്ടുപോയവർക്കായുള്ള തെരച്ചിൽ കാണുമ്പോൾ ഓർമ്മ വരുന്നത് കവളപ്പാറ ദുരന്തത്തിൽ ഇനിയും കണ്ടെത്താനാവാത്ത സഹോദരൻ ശ്യാമിനെയാണെന്ന് ശ്രീരാജ് പറയുന്നു.

ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന്റെ ഭാഗമായുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ എടക്കരയിൽ പോയ ശ്രീരാജ് പിന്നീടറിഞ്ഞത് കലിതുള്ളിയെത്തിയ പേമാരിയിൽ ഉറ്റവ‌ർ നഷ്ടപ്പെട്ടു എന്നതാണ്. ഒന്നര വർഷം കഴിഞ്ഞപ്പോൾ പോത്തുകല്ല് ഭൂദാനത്ത് സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ശ്രീരാജിന് വീടൊരുങ്ങി. പക്ഷേ, ആ വീട്ടിൽ സന്തോഷവും സങ്കടവും പങ്കിടാൻ ആരുമില്ല. തനിച്ചുള്ള താമസം പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നതിനാൽ തൊട്ടടുത്ത അച്ഛന്റെ സഹോദരന്റെ വീട്ടിലാണ് അധികവും താമസിക്കാറ്.
എരഞ്ഞിപ്പാലത്തുള്ള റെസ്റ്റോറന്റിൽ ഷെഫ് ആയി ജോലിചെയ്യുകയാണ് ശ്രീരാജ്.

ജയന്റെ അതിജീവനം

'ശരീരത്തിനേയും മനസിനേയും സമ്പത്തിനേയും ബാധിച്ച കവളപ്പാറ ദുരന്തം ഓർക്കാതിരിക്കുന്നതാണ് വലിയ അതിജീവനം' എന്നാണ് ടാപ്പിംഗ് തൊഴിലാളിയായ ജയൻ പറയുന്നത്. കവളപ്പാറത്തോട് കരകവിഞ്ഞൊഴുകിയപ്പോൾ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ രക്ഷിക്കാൻ എത്തിയതായിരുന്നു ഭൂദാനം സ്വദേശിയായ ജയനും സുഹൃത്ത് അനീഷും. വീടുകളിൽ കുടുങ്ങിപ്പോയവരെ ചെമ്പുപാത്രങ്ങളിൽ ഇരുത്തി മറുകരയ്‌ക്കെത്തിച്ചപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. തുടർന്നാണ് സുഹൃത്തായ വിജയന്റെ വീട്ടിലെത്തിയത്.
വിജയന്റെ മകളുടെ വിവാഹ ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കെ വീടിന് പിന്നിൽ നിന്ന് വലിയൊരു ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒഴുകിയിറങ്ങുന്ന ഉരുൾ കണ്ടത്. വീടിന്റെ പിൻഭാഗം പൊളിച്ച് ഉരുണ്ടിറങ്ങിയ മണ്ണ് ആദ്യം ജയനെ വീടിന് പുറത്തേക്ക് തട്ടിത്തെറിപ്പിച്ചു. മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് ജയൻ പതിച്ചു. തുടർന്ന് മറ്റൊരു വീടിന്റെ ടെറസിലേക്ക്. അവിടെ നിന്നും ഒഴുകി പോകുന്നതിനിടെ മുഖത്തെ മണ്ണ് നീങ്ങിയപ്പോൾ കണ്ട മരക്കൊമ്പ് തിരികെ ജീവിതത്തിലേക്കുള്ള പാലമായി. അതിൽ പിടിച്ച് തൂങ്ങിയതിനാൽ താഴ്ന്ന് പോയില്ല. 300 മീറ്ററോളം ദൂരത്തിലേക്ക് മണ്ണിനൊപ്പം സഞ്ചരിച്ചെങ്കിലും ഏതോ മൺതിട്ടയിൽ ജയൻ അഭയം പ്രാപിച്ചു. നിലത്ത് കുത്താൻ സാധിക്കാത്ത കാലുമായി നിരങ്ങി നീങ്ങി മലയടിവാരത്ത് അവശേഷിച്ച ഒരു വീട്ടിൽ അഭയം പ്രാപിച്ചു. മുറിവുകൾ വച്ച് കെട്ടി ആ രാത്രി അവിടെ താമസിച്ചു. 'രക്ഷിയ്ക്കാനെത്തിയതായിരുന്നു ഞാൻ. പക്ഷേ, ഉറ്റ സുഹൃത്ത് അനീഷ് കൺമുന്നിൽ മരണത്തിലേക്ക് പോയത് കണ്ടുനിൽക്കേണ്ടി വന്നു' എന്നാണ് ജയൻ വിതുമ്പലോടെ പറയുന്നത്. ദുരന്തം നടന്ന സ്ഥലത്തിന് 300 മീറ്റർ അകലെയാണ് ജയൻ താമസിക്കുന്നത്. 'ഇന്നും രാത്രി ഇവിടെയെത്തിയാൽ വലിയ ഭീകരത തോന്നും. എന്റെ മാത്രം പ്രശ്നമാണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അങ്ങനെയല്ല, ഈ ഗ്രാമനിവാസികളെയെല്ലാം അത്രമേൽ കവളപ്പാറ ദുരന്തം ബാധിച്ചിരിക്കുന്നു'-ജയൻ പറയുന്നു.

'ജീവിതമല്ലേ, അതിജീവിച്ചല്ലേ പറ്റൂ'

ഉറക്കത്തിൽ നിന്നും മയക്കത്തിലേക്ക് ഒലിച്ച് പോയ വയനാട്ടിലെ ഒരുകൂട്ടം മനുഷ്യരേയും അനാഥമായ കണ്ണീർ വറ്റാത്ത ബന്ധുക്കളേയും കുറിച്ചാണ് കവളപ്പാറ ദുരന്തത്തെ അതിജീവിച്ച ഇന്ദിരയ്ക്ക് പറയാനുള്ളത്. 'കവളപ്പാറ ദുരന്തത്തിന് ശേഷം ഞങ്ങൾ കടന്ന് വന്ന വഴി ദുർഘടമായിരുന്നു. അതിജീവിക്കുക പ്രയാസമാണ്. എന്നാലും എല്ലാം ശരിയാകും. ജീവിതമല്ലേ. അതിജീവിച്ചല്ലേ പറ്റൂ' എന്നാണ് ഇന്ദിര പറയുന്നത്. ആകെയുണ്ടായിരുന്ന 80 സെന്റ് സ്ഥലവും വീടുമാണ് ഇന്ദിരയ്ക്ക് കവളപ്പാറ ദുരന്തത്തിൽ നഷ്ടമായത്.

വീടിരുന്ന സ്ഥലം ഏതെന്ന് പോലും ഇവർക്ക് അറിയാത്ത സ്ഥിതിയാണ്. പുതിയ വീട് നിർമ്മിച്ച് നൽകിയെങ്കിലും നഷ്ടമായ ഭൂമിയ്ക്ക് പകരം തുക നൽകണമെന്നാണ് ഇവരുടെ ആവശ്യം. മകൻ കൂലിപ്പണി ചെയ്താണ് കുടുംബം മുന്നോട്ട് പോകുന്നത്.