മലപ്പുറം: 'വിവാഹപ്പന്തൽ ഉയരേണ്ട വീടിനെയാണ് അന്ന് ദുരന്തം തേടിയെത്തിയത്. കവളപ്പാറ ദുരന്തത്തിൽ എന്നെ ബാക്കിയാക്കി ഉറ്റവരെല്ലാം പോയി. കവളപ്പാറ ദുരന്തത്തിൽ തനിച്ചായവൻ എന്നതായിരുന്നു ഏറെനാൾ മേൽവിലാസം'-ജിഷ്ണു പറയുന്നു. ദുരന്തഭൂമിയിൽ നിന്നും ഞെട്ടിക്കുളത്തേക്ക് പുനരധിവസിക്കപ്പെട്ടെങ്കിലും ജിഷ്ണുവിന്റെ ഓർമ്മയിൽ മണ്ണിലാണ്ടു പോയ മാതാപിതാക്കളും കൂടപ്പിറപ്പുകളും എന്നുമുണ്ട്. ഒറ്റ രാത്രിയിൽ ജീവിതത്തിൽ തനിച്ചായി പോയ ജിഷ്ണുവിനൊപ്പം ജീവിതസഖിയായി ആതിര എത്തിയിട്ട് മൂന്ന് വർഷമായി. മരുതുങ്ങലിലുള്ള ജുവലറിയിൽ സെയിൽസ്‌മാനായി ജോലിചെയ്യുകയാണ് നിലവിൽ ജിഷ്ണു.
സഹോദരി ജിഷ്നയുടെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു അന്ന് ജിഷ്ണുവിന്റെ കുടുംബം. സൈനികനായ സഹോദരൻ വിഷ്ണു അവധിയെടുത്ത് നാട്ടിലെത്തിയതും വിവാഹം ആഘോഷമാക്കാനാണ്. വായ്പയെടുത്ത് വിവാഹത്തിനുള്ള ആഭരണങ്ങൾ വാങ്ങണം, വീട് പുതുക്കിപ്പണിയണം...ഇതെല്ലാം സ്വപ്നം കണ്ടാണ് വിഷ്ണു ആഗസ്റ്റ് മൂന്നിന് നാട്ടിലെത്തിയത്. ഡിസംബറിലായിരുന്നു വിവാഹം നടത്താനിരുന്നത്. എന്നാൽ, 2019 ആഗസ്റ്റ് എട്ടിന് രാത്രി മുത്തപ്പൻകുന്നിന്റെ ഒരുഭാഗം അടർന്ന് താഴേക്ക് അതിവേഗം കുത്തിയൊലിച്ച് വന്നതോടെ ജിഷ്ണു തനിച്ചായി. അമ്മ വിശ്വേശ്വരിയും അച്ഛൻ വിജയനും ജിഷ്നയും വിഷ്ണുവും താമസിച്ചിരുന്ന വീടും ഓർമ്മ മാത്രമായി. കൂടെ വിജയന്റെ സഹോദരൻ നാരായണൻ, ഭാര്യ കമല, മകൾ ഭവ്യ എന്നിവരും. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയതിന് ശേഷം തിരികെ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയതായിരുന്നു വിഷ്ണു.
ഇനിയും കണ്ടെടുക്കാനാവാത്ത ജിഷ്ന മണ്ണിനടിയിൽ എവിടെയോ ഉണ്ടെന്ന് ജിഷ്ണു പറയുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കവളപ്പാറയിലെ റോഡിൽ മണ്ണിടിഞ്ഞ് വീണതിനാൽ വീട്ടിലേക്ക് പോകാൻ കഴിയാഞ്ഞതിനാൽ അപകട സമയത്ത് ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോൾ വീടിരുന്നിടത്ത് മൺകൂന മാത്രം. ഒരു ഗ്രാമം തന്നെ മണ്ണിലാണ്ട് പോയിരുന്നു, കൂടെ തന്റെ ഉറ്റവരും സുഹൃത്തുക്കളും.
'ഈ മുറിവ് മായ്ക്കാൻ കാലത്തിന് സാധിക്കില്ല. എങ്കിലും അതിജീവിച്ചല്ലേ പറ്റൂ, ജീവിതമല്ലേ' ; ജിഷ്ണു പറയുന്നു