മലപ്പുറം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തിൽ നിന്ന് 1,337 ചതുരശ്ര കിലോ മീറ്റർ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾപ്പെടുമെന്ന ആശങ്കയിലാണ് ജില്ലയുടെ മലയോരം. കഴിഞ്ഞ ദിവസം കേന്ദ്ര പരിസ്ഥിതി വകുപ്പ് പുറത്തിറക്കിയ പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശത്തെക്കുറിച്ചുള്ള കരട് വിജ്ഞാപനത്തിൽ കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ 131 വില്ലേജുകളിൽ 11 എണ്ണം നിലമ്പൂർ താലൂക്കിൽ നിന്നാണ്. അകമ്പാടം, അമരമ്പലം, ചോക്കാട്, ചുങ്കത്തറ, കാളികാവ്, കരുളായി, കരുവാരക്കുണ്ട്, കേരള എസ്‌റ്റേറ്റ്, കുറിമ്പലങ്ങോട്, പോത്തുകല്ല്, വഴിക്കടവ് എന്നീ വില്ലേജുകളാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. കരട് വിജ്ഞാപനത്തിൽ ആർക്കെങ്കിലും എന്തെങ്കിലും എതിർപ്പുകളോ നിർദ്ദേശങ്ങളോ നൽകാൻ താൽപ്പര്യമുണ്ടെങ്കിൽ 60 ദിവസത്തിനകം രേഖാമൂലം കേന്ദ്ര പരിസ്ഥിതി വകുപ്പിനെ അറിയിക്കാം. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച ശേഷമാവും അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക. പരിസ്ഥിതി ലോല മേഖല നിർണ്ണയത്തിനെതിരെ മലയോര മേഖലയിൽ വ്യാപക പരാതികൾ ഉയർന്നിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. പാരിസ്ഥിതികമായി പ്രധാന്യം നൽകേണ്ടതായി കേന്ദ്ര സർക്കാർ നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ). ഈ പ്രദേശങ്ങളിൽ ഖനനം, ക്വാറികളുടെ പ്രവർത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും.
വ്യാവസായിക ഖനനം നിരോധിക്കും
പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഖനനം നിരോധിക്കും.
ജലം, വായു, മണ്ണ്, ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളും നിരോധിക്കും.
വീടുകളുടെ അറ്റകുറ്റപ്പണികൾക്കും വ്യക്തിഗത ഉപഭോഗത്തിനായും ഭവന നിർമ്മാണത്തിനായും ഓടുകളും ഇഷ്ടികകളും നിർമ്മിക്കാൻ ഭൂമി കുഴിക്കുന്നതിന് തടസ്സമാകില്ല.
മര മില്ലുകളുടെ പ്രവർത്തനത്തിന് നിരോധനം വരും.
വയനാട്ടെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ മാറ്റംവരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവുമോ എന്നതാണ് മലയോരത്തിന്റെ ആശങ്ക.