മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവച്ച നടപടിക്കെതിരെ അപ്പീൽ പോവണമോ എന്നതിൽ സി.പി.എം സംസ്ഥാന നേതൃത്വവുമായും സ്ഥാനാർത്ഥി കെ.പി. മുഹമ്മദ് മുസ്തഫയുമായും കൂടിയാലോചിക്കാൻ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന സർക്കാർ നാലാം വർഷത്തിലേക്ക് കടന്നിരിക്കെ കേസുമായി മുന്നോട്ടുപോവുന്നത് കൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന വാദവും പാർട്ടിക്കുള്ളിൽ ചർച്ചയാണ്. സ്വതന്ത്ര സ്ഥാനാർത്ഥി ആയതിനാൽ കെ.പി. മുഹമ്മദ് മുസ്തഫയുടെ തീരുമാനം നിർണ്ണായകമാവും. വിദേശത്തുള്ള മുഹമ്മദ് മുസ്തഫ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ചകൾ നടത്തും. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും അപ്പീൽ നൽകുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യുന്നതോടെ പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പിലെ നിയമ പോരാട്ടം തുടർന്നേക്കും. നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി നൽകിയ ഹർജിയിൽ ജസ്റ്റിസ് സി.എസ്. സുധ അദ്ധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അധികാരത്തിലേക്ക് കടന്ന് കയറാൻ ഹൈക്കോടതി തയ്യാറായില്ല. കെ.പി. മുഹമ്മദ് മുസ്തഫയുടെ ഹൈക്കോടതിയിലെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇടപെടാൻ തയ്യാറായിരുന്നില്ല. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കൊവിഡ് രോഗികളും പ്രായമായവരും വീട്ടിലിരുന്ന് ചെയ്ത വോട്ടുകളിൽ 348 എണ്ണം ഒപ്പും സീലുമില്ലെന്ന കാരണത്താൽ വരാണാധികാരി അസാധുവാക്കിയിരുന്നു. റിട്ടേണിംഗ് ഓഫീസറുടെ നടപടി ചോദ്യം ചെയ്തായിരുന്നു മുസ്തഫയുടെ ഹർജി. ഇവയിൽ മുന്നൂറോളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതായിരുന്നു എന്നാണ് കെ.പി.മുഹമ്മദ് മുസ്തഫയുടെ വാദം.

തീരുന്നില്ല നാടകീയത

മുൻ ലീഗുകാരനും മലപ്പുറം നഗരസഭ ചെയർമാനുമായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുവന്നതോടെ 2021ലെ പെരിന്തൽമണ്ണ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ഏറെ വാശിയേറിയതായിരുന്നു. വോട്ടെണ്ണൽ മുതൽ തിരഞ്ഞെടുപ്പ് ഫലം വരെ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ മുഹമ്മദ് മുസ്തഫ കോടതിയെ സമീപിച്ചു. കോടതി നടപടികൾക്കിടെ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച പെട്ടി കാണാതായ സംഭവമുൾപ്പെടെ നാടകീയ സംഭവങ്ങളും അരങ്ങേറി. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ച പെട്ടി പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസിൽ നിന്ന് കാണാതെ പോയത് വലിയ വിവാദമായിരുന്നു. വ്യാപകമായ തെരച്ചിലിനൊടുവിൽ മലപ്പുറം സഹകരണ സംഘം സബ് രജിസ്റ്റാറുടെ ഓഫീസിൽ നിന്ന് ബാലറ്റ് പെട്ടി കണ്ടെത്തി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സബ് ട്രഷറിയിൽ നിന്ന് നീക്കം ചെയ്തപ്പോൾ പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതാണെന്നായിരുന്നു കണ്ടെത്തൽ. നിലവിൽ ഹൈക്കോടതിയിലാണ് പോസ്റ്റൽ ബാലറ്റുകളുള്ളത്.