കാളികാവ്: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ സ്വന്തം നിലയിൽ ഇറങ്ങിപ്പുറപ്പെട്ട് കുട്ടിക്കൂട്ടം. നാണയത്തുട്ടുകളടക്കം 2,800 രൂപയാണ് ഒന്ന്, രണ്ട് ദിവസം കൊണ്ട് ഇവർ പിരിച്ചെടുത്തത്. കിട്ടിയ ചെറിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് കൊടുക്കാനാണ് തീരുമാനിച്ചത്. അടക്കാകുണ്ടിലെ ഓൺലൈൻ സെന്ററിലെത്തി പിരിച്ച പൈസ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ സഹായം തേടി. അടക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥികളായ സി.അഭിൻ ഷാൻ, കെ.മുഹമ്മദ് ഷിഫിൻ, ഇ.കെ ഷാമിൽ, ഇ.ഷെഫിൻ, ടി.ഷയാൻ എന്നിവരാണ് ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള സൽപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.