പൊന്നാനി: ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിന് ഇറങ്ങിയ പല ബോട്ടുകാരും മത്സ്യം ലഭിക്കാതെ നിരാശയിൽ. രണ്ട് മാസത്തിനു ശേഷം ജൂലായ് 31നാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച രീതിയിൽ മത്സ്യം ലഭിച്ചില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയ മത്സ്യത്തൊഴിലാളികൾ ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മടങ്ങിയെത്തിയിട്ടുണ്ട്. മിക്ക ബോട്ടുകളിലും ജോലിചെയ്തിരുന്നത് അന്യ സംസ്ഥാന തൊഴിലാളികളായിരുന്നതിനാൽ മത്സ്യബന്ധനമേഖലയെ ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. തുടർന്ന് കാലാവസ്ഥാ മുന്നറിയിപ്പുകളും മഴയും വന്നതോടെ പല ബോട്ടുകളും കടലിൽ പോകാൻ കഴിയാത്ത അവസ്ഥയിലായി. ട്രോളിംഗ് നിരോധനം വന്നതോടെ കഴിഞ്ഞ നാല് മാസത്തോളമായി തുടർച്ചയായി പണിയില്ലാത്ത അവസ്ഥയിലാണ് മത്സ്യതൊഴിലാളികൾ.
പലിശയെടുത്തും ലോണെടുത്തുമാണ് പലരും ബോട്ടുകൾ വാങ്ങുന്നത്. എന്നാൽ തൊഴിൽദിനങ്ങൾ കുറയുന്നതും ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതും വലിയ തിരിച്ചടിയാണ് .
കിളിമീനുകൾ മാത്രം
മത്തി,അയില, മാന്തൾ തുടങ്ങി വിപണിയിൽ വലിയ ഡിമാൻഡുള്ള പല മത്സ്യങ്ങൾക്കും വലിയ ക്ഷാമം നേരിടുന്നുണ്ട്.
സക്കീർ,മത്സ്യതൊഴിലാളി.