crime

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുമെങ്കിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ യാതൊരു കുറവും വന്നിട്ടില്ലെന്നതാണ് സമീപകാല സംഭവങ്ങളിലൂടെ വെളിവാകുന്നത്. നിയമങ്ങൾ കർശനമാണെന്ന് പറയുമ്പോഴും കേസുകളുടെ എണ്ണത്തിലും കുറവില്ല. പൊലീസിന്റെ ക്രൈം രജിസ്റ്റർ പ്രകാരം സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെ സ്ത്രീകൾക്കെതിരായ 9,501 കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളത്. 2021ൽ കേസുകളുടെ എണ്ണം 16,199 ആയിരുന്നു. 2022 ൽ കേസുകളുടെ വീണ്ടും ഉയർന്ന് 18,943ലെത്തി. 2023ൽ 18,980 ആയിരുന്നു കേസുകളുടെ എണ്ണം. ഇതിൽത്തന്നെ ബലാത്സംഗക്കേസുകൾ ഈ വർഷം റിപ്പോർട്ട് ചെയ്തത് 1,338 കേസുകളാണ്. 2021, 2022, 2023 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 2339, 2518, 2562 എന്നിങ്ങനെയാണ്.

സ്ത്രീകൾക്കെതിരെ നടക്കുന്ന ഗാർഹികപീഡന പരാതികളുമായി ബന്ധപ്പെട്ട് ഈ വർഷം റിപ്പോർട്ട് ചെയ്തത് 2,327 കേസുകളാണ്. 2021ൽ കേസുകളുടെ എണ്ണം 4,997 ആയിരുന്നു. 2022, 2023 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4998, 4710 എന്നിങ്ങനെയാണ്. സംസ്ഥാനത്ത് ഈ വർഷം മൂന്ന് സ്ത്രീധന മരണങ്ങളും 2021, 2022, 2022 വർഷങ്ങളിൽ യഥാക്രമം 9, 11, 8 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തതിന് 2021 ൽ 504, 2022 ൽ 572, 2023ൽ 679 കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം റിപ്പോർട്ട് ചെയ്തത് 306 കേസുകളാണ്.

ഒരു മിനിറ്റിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു

ലോകത്ത് ഒരു മിനിറ്റിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. യു.എൻ റിപ്പോർട്ട് പ്രകാരം 736 ദശലക്ഷം സ്ത്രീകൾ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കിന്റെ അടിസ്ഥാനത്തിൽ 15 വയസ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ടെന്നാണ്. ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകളിൽ 58 സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട്. സ്ത്രീകൾക്ക് ഏത് അർദ്ധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് തന്റെ സ്വപ്‌നമെന്ന് സ്വാതന്ത്ര്യത്തിന് മുമ്പ് മഹാത്മാഗാന്ധി പറഞ്ഞിരുന്നെങ്കിലും ആ സ്വപ്‌നമിന്നും നടക്കാതെ അവശേഷിക്കുകയാണ്. വീടിനുള്ളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലുെമല്ലാം പ്രായഭേദമന്യേ സ്ത്രീകൾ ഇന്നും അതിക്രമങ്ങൾക്കിരയാകുന്ന വാർത്തകൾ നാം സ്ഥിരമായി കേൾക്കുന്നതാണ്. ഗാർഹിക അതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗികപീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്നതും പ്രധാന ചോദ്യമാണ്. സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ ആക്രമിച്ച വ്യക്തിയുടെ മേലല്ല, മറിച്ച് ഇരയാക്കപ്പെട്ട സ്ത്രീയുടെ മേൽ കുറ്റം ചാർത്തുന്ന സമീപനം നമ്മുടെ സമൂഹത്തിനുണ്ട്.

സ്ത്രീധന നിരോധനം

പാഴായ വാഗ്ദാനം

2019ൽ അഞ്ച് വർഷം കൊണ്ട് കേരളത്തെ സ്ത്രീധന മുക്തമാക്കുമെന്ന പ്രഖ്യാപനമുയർന്നിരുന്നു. എന്നാൽ ആ പ്രഖ്യാപനം ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നു മാത്രമല്ല സ്ത്രീധന മരണങ്ങൾ ഇപ്പോഴും വാർത്തകളിൽ നിറയുന്നുമുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളും മരണങ്ങളും ലജ്ജാകരമാണെന്നതിൽ തർക്കമില്ല. സ്ത്രീകൾ നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങളിൽ ഏറിയ പങ്കും ഉണ്ടാക്കുന്നത് കുടുംബത്തിൽ നിന്നും ജീവിത പങ്കാളിയിൽ നിന്നുമാണ്. ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കനുസരിച്ച് മൂന്നിൽ ഒരു സ്ത്രീ പങ്കാളിയിൽ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് എന്നാണ് പറയുന്നത്. സ്ത്രീ കൊലപാതകത്തിൽ മൂന്നിലൊന്നിന് കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സിക്കിം, നാഗാലാന്റ്, മണിപ്പൂർ, മിസോറാം, ഗോവ എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കാം. പോയവർഷം സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട ഒരു കേസുപോലും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തുറന്നു പറയുക

ഏറ്രവും കൂടുതൽ സ്ത്രീകൾ അതിക്രമങ്ങൾക്കിരയാകുന്നത് തൊഴിലിടങ്ങളിലാണ്. സ്ത്രീകളുടെമേൽ തങ്ങളുടെ കരുത്ത് കാണിക്കുക, അപമാനിക്കുക, ഭയപ്പെടുത്തുക തുടങ്ങിയ അതിക്രമങ്ങളും കൂടുകയാണ്. കാലിഫോർണിയ പോളിടെക്നിക് സ്‌റ്റേറ്റ് സർവകലാശാലയിലെ ഡോ. ഷോൺ ബേർണിന്റെ അഭിപ്രായത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത് സ്ത്രീകളുടെ മേൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ്. സ്ത്രീകൾ തങ്ങൾ നേരിടുന്ന ചൂഷണങ്ങൾ തുറന്ന് പറയാൻ മുന്നോട്ട് വരുന്നതുവഴി ചൂഷകർ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ദുരനുഭവങ്ങൾ തുറന്ന് പറയുന്നത് കുടുംബത്തിനും ഭാവി ജീവിതത്തിനും ദോഷം ചെയ്യുമെന്ന് പെൺകുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന രീതി ഒഴിവാക്കണം. സ്ത്രീകൾ ആധുനിക വസ്ത്ര ധാരണത്തിന് പകരം പരമ്പരാഗത രീതി സ്വീകരിച്ച് രാത്രിയിലുള്ള സഞ്ചാരം അവസാനിപ്പിച്ച് വീട്ടിലിരുന്നാൽ പൂർണമായും സുരക്ഷിതരാവും എന്ന ഇടുങ്ങിയ ചിന്താഗതിയും കാലാനുസൃതമായി മാറ്റണം. ഒരു കൃത്യം നടക്കുമ്പോൾ മാത്രം നീതിബോധം ഉണരുന്ന അധികൃതർ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്. രാത്രിയിൽ പേടിച്ച് ജോലി ചെയ്യുന്ന, പേടിച്ച് യാത്ര ചെയ്യുന്ന, ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ പേടിയോടെ കയറുന്ന സ്ത്രീകൾ കേരളത്തിന്റെ സത്പേരിന് മേലുള്ള ക്രൂരമായ പോറലുകളാണ്.

ജാതി-മത-വർഗ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്ന മാറ്റപ്പെടേണ്ട വ്യവസ്ഥയാണ് സ്ത്രീധനം. നിലവിലെ നിയമ സംവിധാനങ്ങൾക്ക് ഈ വിപത്തിനെ തടയാൻ സാധിക്കുന്നില്ല. വിവാഹ സമ്പ്രദായത്തെ ഒന്നടങ്കം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ ആദ്യ പടിയായി തങ്ങളുടെ സമ്പത്ത് പ്രകടിപ്പിക്കാനുള്ള വേദിയല്ല വിവാഹം എന്ന ചിന്ത വേണം. സ്ത്രീധന സമ്പ്രദായം നമ്മുടെ പെൺമക്കളെ കേവലം വില്പനച്ചരക്കാക്കുകയാണെന്ന് മാതാപിതാക്കൾ മനസിലാക്കണം.