news

കാളികാവ്: റബർ വിലയിലെ കുതിപ്പിൽ പ്രതീക്ഷയോടെ മലയോര മേഖലയിലെ കർഷകർ. കഴിഞ്ഞ 13 വർഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ വിലയാണ് റബർ വിപണി രേഖപ്പെടുത്തിയത്. റബർ നാലാംതരത്തിന് കഴിഞ്ഞ ദിവസം കിലോയ്ക്ക് 250 രൂപ ലഭിച്ചു.

ഇപ്പോഴത്തെ വില തുടർന്നാൽ മലയോര മേഖലയ്ക്ക് ഇക്കുറി പൊന്നോണമുണ്ണാനാകും.

കൂലിച്ചെലവ് ലഭിക്കാത്തതിനാൽ ഉത്പാദനം നിറുത്തി വയ്ക്കേണ്ട സാഹചര്യം വരെ കർഷകർക്കുണ്ടായി. ഈ വർഷം ജൂൺ മുതലാണ് വില കയറാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസം കൊണ്ട് വില കയറിയത് നൂറ്റിപത്തോളം രൂപയാണ്. കിലോയ്ക്ക് നൂറിൽ താഴെ വരെ വിലയ്ക്ക് വിൽക്കേണ്ട അവസ്ഥയായിരുന്നു അതിനുമുമ്പ്.

ഇപ്പോഴത്തെ വില ഉടൻ താഴുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. അഭ്യന്തര റബറിന്റെ ഉദ്പാദനം കുറഞ്ഞതും പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇറക്കുമതിക്ക് തടസ്സം സൃഷ്ടിച്ചതുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നത്. റബറിനെ മാത്രം ആശ്രയിക്കുന്ന മലയോര മേഖലയിൽ റബറിന്റെ ഉയർച്ചയും താഴ്ചയും ജനജീവിതത്തിൽ പ്രതിഫലിക്കും. റബറിന് തറവില നിശ്ചയിക്കണമെന്ന ദീർഘ കാലത്തെ ആവശ്യം സർക്കാർ ഇതു വരെ പരിഗണിച്ചിട്ടില്ല.അതേ സമയം റബ്ബറിന് 150ന്റെ താഴെ വില ലഭിച്ചിരുന്ന കാലത്ത് സർക്കാർ സബ്സിഡി നൽകിയത് ചെറിയ ആശ്വാസമായിരുന്നു.

ഉത്പാദനം കുറഞ്ഞു

കഴിഞ്ഞ വേനൽക്കാലം അതികഠിന ചൂട് കാരണം റബർ ടാപ്പിംഗ് നേരത്തെ നിറുത്തിയതും റബ്ബർ മരത്തിൽ റെയിൻഗാർഡ് പിടിപ്പിക്കാഞ്ഞതും ഈ വർഷം ഉത്പാദനം കുറയാൻ കാരണമായി.

റബർ മോഹവിലയിലെത്തി നിൽക്കുമ്പോഴും റെയിൻഗാർഡ് സ്ഥാപിക്കാത്തതിനാൽ ഉത്പാദനം നടത്താൻ കഴിയാതെ പ്രതിസന്ധിയിലാണ് ഒട്ടേറെ കർഷകർ.

നിലമ്പൂർ, ഏറനാട്, പെരിന്തൽമണ്ണ, വണ്ടൂർ, കരുവാരക്കുണ്ട് എന്നീ മേഖലകളിൽ 40,000ത്തോളം ചെറുകിട കർഷകരും ആയിരക്കണക്കിന് തൊഴിലാളികളും റബറിനെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്.

250 രൂപയാണ് റബർ നാലാംതരത്തിന് കഴിഞ്ഞ ദിവസത്തെ വില