vv

താനൂർ: മുൻ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായിരുന്ന അന്തരിച്ച കുട്ടി അഹമ്മദ് കുട്ടിയുടെ വിടവാങ്ങലിലൂടെ നാടിന് നഷ്ടപ്പെട്ടത് സ്നേഹനിധിയായ അത്താണിയെ. നാട്ടുകാരുമായും മറ്റു രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരുമായും വലിയ രീതിയിൽ സ്നേഹബന്ധം സ്ഥാപിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. നാട്ടുകാരുടെ കുഞ്ഞികാക്കയായിരുന്നു അദ്ദേഹം.

അദ്ദേഹത്തെ കാണാൻ എന്നും രാവിലെ സന്ദർശകരുടെ തിരക്കായിരുന്നു. ആവശ്യങ്ങൾ അറിയിക്കാനും പ്രശ്നപരിഹാരങ്ങൾക്കുമായി ഒരു കാലത്ത് അദ്ദേത്തെയായിരുന്നു താനൂരിലെ നാട്ടുകാർ ആശ്രയിച്ചിരുന്നത്.

ആഴത്തിലുള്ള വായനയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ വൻ ശേഖരം തന്നെ ബീച്ച് റോഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെ അലമാരയിലുണ്ട്. കവിതകളും ഗ്രന്ഥങ്ങളും നോവലുകളും കഥകളും നിയമ പുസ്തകങ്ങളുമടക്കം നൂറുകണക്കിന് പുസ്തകങ്ങളാണ് അദ്ദേഹം സൂക്ഷിച്ചിരിക്കുന്നത്. തന്റെ പുസ്തകവായനയോടുള്ള ഇഷ്ടം നാടിന് പകർന്നുകൊടുക്കാനും അദ്ദേഹം ശ്രമിച്ചു. താനൂർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്തിൽ ലൈബ്രറി ആരംഭിച്ചത് അദ്ദേഹമായിരുന്നു.

2005ൽ മന്ത്രിയായിരിക്കെ താനൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ കാർ അപകടത്തിൽ പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം. ഡോക്ടർമാരെ അമ്പരപ്പിക്കുന്ന രീതിയിൽ ജീവിതത്തിലേക്ക് സജീവമായി മടങ്ങി വന്നു അദ്ദേഹം. രാഷ്ട്രീയത്തിനപ്പുറം അഗാധമായ സൗഹൃദം എല്ലാവരുമായും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഏതാനും വർഷം മുമ്പ് കുട്ടി സി.പി.എം നേതാവ് ഇ.പി.ജയരാജൻ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചത് മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ഒരു കാലത്ത് എം.എൽ.എമാരായിരുന്ന ഇരുവരും തൊട്ടടുത്ത മുറികളിലായിരുന്നു തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഏറെ വർഷങ്ങൾ പിന്നിട്ടപ്പോഴും തുടർന്നു. സി.പി.എമ്മിന്റെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ താനൂർ കണ്ണന്തളിയിലെത്തിയപ്പോഴാണ് തന്റെ പഴയ സുഹൃത്തിനെ അന്വേഷിച്ച് താനൂരിലെ വീട്ടിൽ ചെന്നത്.

തിരൂർ പോളിടെക്നിക്കിൽ മികച്ച സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊരുക്കാൻ അതിന്റെ ചെയർമാൻ കൂടിയായ കുട്ടി അഹമ്മദ് കുട്ടി വലിയ പങ്ക് വഹിച്ചു. ഭിന്നശേഷിക്കാർക്കായി നിയമസഭയുടെ അകത്തും പുറത്തും ഏറെ പ്രവർത്തിച്ചിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. ഡിഫറന്റ്ലി ഏബിൾഡ് ലീഗ് അസോസിയേഷൻ എന്നൊരു സംഘടയ്ക്കും അദ്ദേഹം രൂപം നൽകി. ലളിതം ജീവിതം നയിക്കുകയും ജനങ്ങളോടിടപഴകി ജീവിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം ജനങ്ങളെയും പാർട്ടിപ്രവർത്തകരെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി.