തിരൂർ: കൂട്ടായി-വാടിക്കൽ അങ്ങാടിയിൽ യുവാക്കളെ സംഘം ചേർന്ന് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂട്ടായി സ്വദേശികളായ മൂന്ന് പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്പാടത്ത് ഉനൈഫ്(22), കുറ്റാളന്റെ പുരയ്ക്കൽ റമീസ് ബാബു(23), കുന്നത്ത് ഇസ്ഹാഖ്(22) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം വാടിക്കൽ മിൽമ ബൂത്തിന് സമീപം വച്ചാണ് അഞ്ചംഗസംഘം യുവാക്കളെ മുൻ വൈരാഗ്യത്താൽ കത്തികൊണ്ട് കുത്തി അക്രമിച്ചത്. യുവാക്കളിൽ ഒരാൾക്ക് തുടയ്ക്കു കുത്തേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് കൂട്ടായി ഭാഗത്ത് വച്ചാണ് പ്രതികളെ പിടിച്ചത്. തിരൂർ ഡിവൈ.എസ്.പി കെ.എം ബിജുവിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ കെ.ജെ. ജിനേഷ് , എസ്.ഐ ആർ.പി.സുജിത്ത് , സീനിയർ സി.പി.ഓ ജിനേഷ് , സി.പി.ഒമാരായ അരുൺ, സതീഷ് കുമാർ, സുജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.