f
d

തിരൂരങ്ങാടി: സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ കായകൽപ്പ അവാർഡിന് രണ്ടാംവർഷവും തിരൂരങ്ങാടി താലൂക്ക് ആശുപത്രി രണ്ടാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരത്തിൽ മികച്ച സ്കോർ നേടി സംസ്ഥാന തല അവാർഡ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രി വിഭാഗത്തിൽ സബ് ജില്ലാ തലത്തിൽ 89.09 ശതമാനം മാർക്കോടെ ചാവക്കാട് താലൂക്ക് ആശുപത്രി ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ട് മാർക്ക് വ്യത്യാസത്തിൽ 87.44 ശതമാനം മാർക്കോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി രണ്ടാം സ്ഥാനവും പത്ത് ലക്ഷം അവാർഡ് തുകയ്ക്കും അർഹത നേടി. കൂടാതെ അവാർഡിനർഹമായ മികച്ച താലൂക്ക് ആശുപത്രിക്കുള്ള എക്കോ ഫ്ര‌ണ്ട്ലി‌ അവാർഡും ലഭ്യമാകും. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡിന് പരിഗണിക്കുന്നത്. രോഗി സൗഹൃദ ആശുപത്രി എന്ന നിലയിൽ ജില്ലയിൽ തന്നെ മെച്ചപ്പെട്ട സേവനമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭ്യമാവുന്നത്.