മലപ്പുറം: മൺസൂണിൽ കനത്ത കാറ്റിലും മഴയിലും ജില്ലയിൽ കെ.എസ്.ഇ.ബിയ്ക്ക് 13 കോടിയോളം രൂപയുടെ നഷ്ടം. നിലമ്പൂർ, വണ്ടൂർ, അരീക്കോട്, കൊണ്ടോട്ടി, പൊന്നാനി, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് നാശനഷ്ടം ഏറെയും. പോസ്റ്റുകൾ തകർന്നാണ് ഏറെ നഷ്ടവും സംഭവിച്ചത്. വലിയ മരങ്ങൾ കട പുഴകി വീണതോടെ ഇരുമ്പ് പോസ്റ്റുകൾ സ്ഥാപിച്ച ഇടങ്ങളിലടക്കം കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഹൈ ടെൻഷൻ, ലോ ടെൻഷൻ ലൈനുകളിലെ പോസ്റ്റുകൾ തകർന്നു വീണു. 3,365 ലോ ടെൻഷൻ ലൈനുകളിലെ പോസ്റ്റുകളും 410 ഹൈടെൻഷൻ ലൈനുകളിലെ പോസ്റ്റുകളും തകർന്നിട്ടുണ്ട്. 57 വിതരണ ട്രാൻസ്‌ഫോമറുകളും നശിച്ചു. ജില്ലയിൽ പ്രളയ സമാനമായ സാഹചര്യം സൃഷ്ടിച്ച ജൂലായ് 30ലെ മഴയിലാണ് കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടം നേരിട്ടത്. അന്ന് മാത്രം നാല് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി.
മഴക്കാലത്തിന് മുമ്പ് വൈദ്യുതി ലൈനുകൾക്ക് സമീപത്തുള്ള മരക്കൊമ്പുകൾ വെട്ടി മാറ്റിയിരുന്നെങ്കിലും കനത്ത കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ കട പുഴകി വീണതാണ് കെ.എസ്.ഇ.ബിക്ക് തിരിച്ചടിയായത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് രാപ്പകൽ വ്യത്യാസമില്ലാതെ കെ.എസ്.ഇ.ബി ജീവനക്കാർ നടത്തിയ ശ്രമങ്ങളിലൂടെ മിക്കയിടങ്ങളിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈദ്യുതി പ്രശ്നം പരിഹരിക്കപ്പെട്ടു. വൈദ്യുതിലൈൻ പൊട്ടി വീണുള്ള അപകടങ്ങൾ കുറയ്ക്കാനും ഇതിലൂടെ സാധിച്ചു. കൂടുതൽ പോസ്റ്റുകൾ തകർന്ന ഇടങ്ങളിലേക്ക് മറ്റ് ഡിവിഷനുകളിൽ നിന്ന് ജീവനക്കാരെ എത്തിച്ചാണ് അറ്റക്കുറ്റ പണികൾ പൂർത്തിയാക്കിയത്. കാലവർഷക്കെടുതി മുന്നിൽ കണ്ട് പ്രത്യേക കൺട്രോൾ റൂം കെ.എസ്.ഇ.ബി തുടങ്ങിയിട്ടുണ്ട്.
മൺസൂൺ നഷ്ടക്കാലം