തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ട് വർഷം രണ്ടായെങ്കിലും ജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടില്ല. 2022 ആഗസ്റ്റ് 15ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തിരൂർ നഗരസഭ 40 ലക്ഷം രൂപ ചെലവഴിച്ച് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി തിരൂരിലെത്തുന്നവർക്കും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ വിശ്രമിക്കാനുമായാണ് ടേക്ക് എ ബ്രേക്ക് എന്ന പേരിൽ കെട്ടിടം നിർമ്മിച്ചത്. അതിനിടയ്ക്ക് നഗരസഭ ചില സ്വകാര്യ വ്യക്തികൾക്ക് കരാർ നൽകിയിരുന്നെങ്കിലും സെപ്റ്റിക് ടാങ്കിലെ അപാകതകൾ കാരണം പരിസര വാസികൾക്കും സമീപത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ദുർഗന്ധം കാരണം പരിസരത്തേക്ക് അടുക്കാൻ കഴിഞ്ഞിരുന്നില്ല.അതോടെ പൂട്ടിയിടേണ്ട അവസ്ഥയിലായി. തുടർന്ന് കരാർ നൽകാൻ നഗരസഭ ശ്രമിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.ടേക്ക് എ. ബ്രേക്ക് പരിസരത്ത് തന്നെ വൈകുന്നേരങ്ങളിൽ വിശ്രമിക്കുവാനും കുട്ടികൾക്ക് കളിക്കുവാനും മറ്റും പൂന്തോട്ടം നിർമ്മിക്കുകയും ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ പുൽച്ചെടികൾ നിറഞ്ഞ് കാട് പിടിച്ചു കിടക്കുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭ നിർമ്മിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.
ഫ്രീഡം ലൈറ്റിനോടും അവഗണന
ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തി സത്യാഗ്രഹം അനുഷ്ഠിച്ചതിന് അറസ്റ്റിലായ പുന്നക്കൽ കുട്ടിശങ്കരൻ നായർ, കെ.പി. കേളു നായർ, വി.കെ മൊയ്തീൻ കുട്ടി എന്നീ സ്വതന്ത്ര സമര സേനാനികളുടെ സ്മരണക്കായി നിർമ്മിച്ച ഫ്രീഡം ലൈറ്റ് സ്ക്വയറിനോടും നഗരസഭയുടെ അവഗണന.
ടേക്ക് എ ബ്രേക്ക് നിർമ്മിച്ച അതേ സ്ഥലത്ത് തന്നെയാണ് ഫ്രീഡം ലൈറ്റും സ്ഥിതി ചെയ്യുന്നത്.
2022ൽ സ്വാതന്ത്ര്യ ദിനത്തിൽ ഏറെ കാലത്തിന് ശേഷം ചില അറ്റകുറ്റ പണികൾ നടത്തി പെയിന്റിംഗ് നടത്തിയിരുന്നെങ്കിലും വീണ്ടും അവഗണന തുടരുകയാണ്.
വീണ്ടും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര സമര സേനാനികളുടെ സ്മാരകത്തെയും അവഗണിച്ച മട്ടാണ്.