പൊന്നാനി : പൊന്നാനിയിൽ കല്ലുമ്മക്കായ കൃഷി നടത്തി വിജയകരമാക്കിയിരിക്കുകയാണ് കർഷകർ. ഉപ്പുവെള്ളത്തിൽ ചെയ്യാവുന്ന ഈ കൃഷി രീതി പൊന്നാനി ഹാർബറിന് സമീപം കർമ്മ പാലത്തിന്റെ അടിയിലാണ് പരീക്ഷിച്ചത്. പ്രധാനമന്ത്രി മത്സ്യസമൃദ്ധി യോജന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത് . ഏകദേശം 20,000 രൂപ ചെലവ് വരുന്ന കല്ലുമ്മക്കായ കൃഷിക്ക് 40ശതമാനം സബ്സിഡി നിരക്കിൽ 8,000 രൂപ കർഷകർക്ക് ലഭിക്കുന്നു. ഓൺ ബോട്ടം കൾച്ചർ രീതിയിലാണ് കൃഷി നടത്തിയത് . സാധാരണ റോപ്പ് കൾച്ചർ രീതിയിൽ കയറിൽ കെട്ടിയാണ് കൃഷി നടത്താറുള്ളത്. എന്നാൽ ഇവിടെ മണ്ണിൽ തുണി വിരിച്ചായിരുന്നു കല്ലുമ്മക്കായ കൃഷി. മോഷണം പോകാതിരിക്കാനാണ് ഈ രീതി കർഷകർ അവലംഭിച്ചത്.പൊന്നാനി ഹാർബറിൽ മൂന്നു പേർ ചേർന്ന് മൂന്നു യൂണിറ്റായാണ് കൃഷി നടത്തിയത് . കല്ലുമ്മകായ കൃഷിയിൽ ഏറ്റവും വലിയ ലാഭം ഇവയ്ക്ക് ഭക്ഷണം നൽകേണ്ട എന്നതാണ്. വെള്ളത്തിൽ നിന്ന് ലഭിക്കുന്ന ചെറിയ സൂക്ഷ്മ ജീവികളെ അരിച്ചെടുത്ത് ഭക്ഷിക്കുന്ന ജീവികളായതിനാൽ കല്ലുമ്മകായ കൃഷിയിൽ തീറ്റ നൽകേണ്ട ആവശ്യമോ ചെലവോ കർഷകന് വരുന്നില്ല. ആകെ വരുന്ന ചെലവ് ഒരു വഞ്ചിയും ഒരു പ്രദേശം കെട്ടിയുണ്ടാക്കാനുള്ള മുളയുമാണ്. കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭം നേടാവുന്ന മേഖലയിലേക്ക് കൂടുതൽ ആളുകൾ നിലവിൽ ജില്ലയിൽ വരുന്നുണ്ട്. കയറിൽ കെട്ടുന്ന രീതിയിലാണ് കൃഷിയെങ്കിൽ തുണിയിൽ പൊതിഞ്ഞു കയറിൽ കെട്ടിയിടുന്ന രീതിയിലും കൃഷി നടത്താറുണ്ട്. അപ്പോഴും കാര്യമായ് ചെലവില്ല. പൊന്നാനിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ബോട്ടം കൾച്ചർ കൃഷി രീതിയിൽ വലിയൊരു ലാഭം നേടാൻ കർഷകർക്കായി. ഒരാൾക്ക് ഏകദേശം അഞ്ചു യൂണിറ്റ് വരെ തുടങ്ങാൻ സബ്സിഡി ലഭിക്കും. ഗ്രൂപ്പ് ഫാമിംഗ് ആണെങ്കിൽ 50 യൂണിറ്റ് വരെ തുടങ്ങാൻ സബ്സിഡി ലഭിക്കും ഫിഷറീസ് മലപ്പുറത്തിന് കീഴിൽ പി. എം. എം. എസ്. വൈ. പദ്ധതിയുടെ കീഴിലാണ് ഈ കൃഷി നടത്തിയത്. പൊന്നാനി സ്വദേശികളായ ഉമ്മർഫറൂഖ്, ഫൈസൽ., മുഹമ്മദ് ഫ്ളനൂലുൽ ആബിദ് എന്നിവരാണ് കൃഷി നടത്തിയത് , ഏകദേശം 2,000 കിലോഗ്രാമോളം കല്ലുമ്മക്കായ് ഇവർ വിളവെടുത്തുവെന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എൻ. വി. കൃപ പറഞ്ഞു