മലപ്പുറം: കിടപ്പുരോഗികളെയും മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് മാസം 600 രൂപ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയിൽ ജില്ലയിൽ രണ്ട് വർഷത്തിലധികമായി തുക കുടിശ്ശിക. 13,000ത്തോളം ഗുണഭോക്താക്കൾക്ക് 2022 ആഗസ്റ്റ് മുതലുള്ള ധനസഹായം ലഭിക്കാനുണ്ട്. സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്ത് ആകെ 92,000ത്തോളം പേർക്കാണ് ധനസഹായം നൽകുന്നത്. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത് മലപ്പുറത്താണ്. സംസ്ഥാനത്ത് ആകെ 21 കോടി രൂപയാണ് കുടിശ്ശിക. 2010ൽ ആരംഭിച്ച പദ്ധതിയിൽ തുടക്കത്തിൽ 250 രൂപയാണ് ധനസഹായമായി നൽകിയിരുന്നതെങ്കിൽ പിന്നീട് 600 രൂപയാക്കി ഉയർത്തി.
ശയ്യാവലംബർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക രോഗികൾ, നൂറ് ശതമാനം അന്ധത ബാധിച്ചവർ, പ്രായാധിക്യം കൊണ്ടും കാൻസർ മുതലായ ഗുരുതര രോഗങ്ങളാലും കിടപ്പിലായവർ, ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ അവസ്ഥയിലുള്ളവർ എന്നിവരെ പരിചരിക്കുന്നവരെ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുഴുവൻ സമയവും പരിചരണം ആവശ്യമായതിനാൽ മറ്റ് ജോലികൾക്ക് പോവാൻ ഇവർക്ക് കഴിയില്ല. നിർധന കുടുംബങ്ങൾക്ക് ഏറെ ആശ്വാസമേകിയിരുന്ന പദ്ധതിയാണിത്. ഓരോ മാസവും ലഭിക്കുന്ന ധനസഹായത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഗുണഭോക്താക്കളിൽ നല്ലൊരു പങ്കും. അനുവദിക്കുന്ന ധനസഹായം രോഗികളുടെ മരുന്ന് അടക്കമുള്ള ആവശ്യങ്ങൾക്ക് ചെലവഴിക്കുന്നവരുമുണ്ട്.
വേണം കൂടുതൽ തുക
ധനസഹായമായി ലഭിക്കുന്നത് - 600 രൂപ
കുടിശ്ശികയായിട്ട് - 23 മാസം