മലപ്പുറം: ഹജ്ജ് 2025ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങി. സെപ്തംബർ ഒമ്പതാണ് അവസാന തീയതി. പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. hajcommittee.gov.in, keralahajcommittee.org എന്നീ വെബ്‌സൈറ്റുകളിൽ അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാം. അപേക്ഷകർക്ക് 2026 ജനുവരി 15 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് വേണം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരുമാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്. പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ട്), അപേക്ഷകരുടെ പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ് പ്രൂഫ്, മുഖ്യ അപേക്ഷകന്റെ (കവർ ഹെഡ്) ക്യാൻസൽ ചെയ്ത ഐ.എഫ്.എസ് കോഡുള്ള ബാങ്ക് ചെക്കിന്റെ/പാസ്ബുക്കിന്റെ കോപ്പി എന്നിവ ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യണം.
കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ എമ്പാർക്കേഷൻ പോയിന്റുകളിൽ സൗകര്യപ്രദമായ രണ്ടെണ്ണം മുൻഗണനാക്രമത്തിൽ രേഖപ്പെടുത്തണം. പിന്നീട് മാറ്റാനാവില്ല. ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലെന്ന നിർദ്ദിഷ്ട മാതൃകയിലെ സത്യപ്രസ്താവന അപേക്ഷയോടൊപ്പം നൽകണം. തിരഞ്ഞെടുക്കപ്പെടുന്നവർ ഡൗൺലോഡ് ചെയ്ത ഹജ്ജ് അപേക്ഷാഫോറവും അനുബന്ധരേഖകളും നറുക്കെടുപ്പിനുശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമർപ്പിക്കണം.