v

മലപ്പുറം: മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തോട് ചേർന്ന് അന്താരാഷ്ട്ര ഫുട്ബാൾ സ്റ്റേഡിയം നിർമ്മിക്കാനുള്ള സാദ്ധ്യത മങ്ങുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കിയ ഡിസൈൻ പ്രകാരമുള്ള സ്റ്റേഡിയം നിർമ്മിക്കാൻ സർക്കാർ വകയിരുത്തിയ 45 കോടി രൂപ തികയില്ല. സർക്കാരിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ തുക വകയിരുത്താനും അനുകൂലമല്ല. മറ്റ് വഴികൾ തേടുന്നുണ്ടെന്നാണ് കായിക വകുപ്പിന്റെ അവകാശവാദം. അതേസമയം, ഊരാളുങ്കൽ തയ്യാറാക്കിയ ഡിസൈൻ പ്രകാരമുള്ള സ്റ്റേഡിയത്തിന്റെ ചെലവ് പുറത്തുവിടാൻ അധികൃതർ തയ്യാറല്ല.

ഫിഫ മാനദണ്ഡ പ്രകാരമുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ചുരുങ്ങിയത് 100 കോടി രൂപയെങ്കിലും ചെലവ് വരും. കുറഞ്ഞത് 35,000 പേർക്കെങ്കിലും ഇരിക്കാൻ സൗകര്യം വേണം. ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കൈവശം പയ്യനാടുള്ള 25 ഏക്കർ ഭൂമി സ്റ്റേഡിയം നിർമ്മിക്കാൻ അനുയോജ്യമാണ്. പയ്യനാട്ടെ നിലവിലുള്ള സ്റ്റേഡിയം പ്രാക്ടീസ് ഗ്രൗണ്ടാക്കാനും സാധിക്കും. ഇന്ത്യയടങ്ങുന്ന ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചിലത് നടത്താൻ സന്നദ്ധമാണെന്ന് കേരളം ഫിഫയെ അറിയിച്ചിരുന്നു. എന്നാൽ, മികച്ച നിലവാരമുള്ള സ്റ്റേഡിയമില്ലെന്നത് ചൂണ്ടിക്കാട്ടി ഫിഫ ഇത് നിരസിച്ചു. ഇതോടെയാണ് മഞ്ചേരി പയ്യനാട്ടിലും കോഴിക്കോട് ബീച്ചിനോട് ചേർന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.

മെസ്സി വരുമോ ?

അർജന്റീന ഫുട്ബാൾ ടീമിന്റെ സൗഹൃദമത്സരത്തിൽ മെസി പങ്കെടുക്കും. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആ സമയത്ത് പൂർത്തിയാവും. അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. ഖത്തർ ലോകകപ്പ് വിജയിച്ച ടീമിലെ മുഴുവൻ അംഗങ്ങളും കളിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചു
മന്ത്രി വി. അബ്ദുറഹ്മാൻ
ജനുവരി 19ന് തിരുവനന്തപുരത്ത് പറഞ്ഞത്‌