മലപ്പുറം: ഗൾഫിലെ സ്കൂളുകളിലെ മദ്ധ്യവേനലവധിക്ക് നാട്ടിലെത്തിയ പ്രവാസി കുടുംബങ്ങളെ തിരിച്ചുപോവുമ്പോഴും കൊള്ളയടിക്കാൻ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് വിമാന ക്കമ്പനികൾ. സെപ്തംബറിലെ ആദ്യ ആഴ്ചയിൽ ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളുകൾ തുറക്കും. പ്രവാസി കുടുംബങ്ങൾ ഏറെയുള്ള സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കും ആണ് കാര്യമായ നിരക്ക് വർദ്ധനവുള്ളത്. ആഗസ്റ്റ് അവസാന വാരം മുതൽ സെപ്തംബർ പകുതി വരെ ഉയർന്ന നിരക്ക് നൽകണം. യു.എ.ഇയിലെ മിക്ക സ്‌കൂളുകളും ആഗസ്റ്റ് 28ന് തുറക്കുന്നതിനാൽ ദുബായ്, അബൂദാബി, ഷാർജ്ജ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവിൽ തന്നെ വർദ്ധിപ്പിച്ചിട്ടുണ്ട്. സൗദിയിലെ ജിദ്ദയിലേക്ക് എയർഇന്ത്യ എക്സ്പ്രസിൽ ഇക്കണോമി സീറ്റിൽ 64,000 - 69,000 രൂപ വരെയാണ് നിരക്ക്. ഗൾഫ് സെക്ടറിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് ജിദ്ദയിലേക്കാണ്. സീസണല്ലാത്ത സമയങ്ങളിൽ 15,​000 രൂപയ്ക്ക് വരെ ടിക്കറ്റ് ലഭിക്കാറുണ്ട്. ഗൾഫിൽ ഏറ്റവും കൂടുതൽ പ്രവാസി കുടുംബങ്ങൾ ഉള്ളതും ജിദ്ദയിലാണ്. യു.എ.ഇയിലേക്കും സൗദിയിലേക്കും സീസണിൽ അധിക സർവീസുകൾ തുടങ്ങണമെന്ന പ്രവാസികളുടെ നിരന്തര ആവശ്യം ഇത്തവണയും പരിഗണിക്കപ്പെട്ടില്ല.

എയർഇന്ത്യ എക്സ്പ്രസിലെ ടിക്കറ്റ് നിരക്ക്

കോഴിക്കോട് - ദുബായ് .................. 20000 - 22000

കോഴിക്കോട് - അബുദാബി ............ 24,000 - 26,000
കോഴിക്കോട് - കുവൈത്ത് .............. 28,000- 32,000

കോഴിക്കോട് - ദോഹ ....................... 39,000 - 44,000

കോഴിക്കോട് - ജിദ്ദ ........................... 64,000 - 69,000

കോഴിക്കോട് - ദമാം ......................... 31,000 - 35,000

കോഴിക്കോട് - ഷാർജ്ജ ................... 20,000 - 21,000

കോഴിക്കോട് - റിയാദ് ...................... 36,000 - 40,000