പെരിന്തൽമണ്ണ: മങ്കട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള മാലിന്യ ശേഖരണ കൂട് നിറഞ്ഞു കവിഞ്ഞത് പരിസര മലിനീകരണം സൃഷ്ടിക്കുന്നു. ദുർഗന്ധം വമിക്കുന്നതിനാൽ മാലിന്യം നീക്കം ചെയ്യാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ മങ്കട ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൂടുകളുടെയും അവസ്ഥ സമാനമാണ്. അധികൃതരുടെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ ലോക്കൽ പ്രസിഡന്റ് അമൃത, സെക്രട്ടറി സോനു എന്നിവർ അറിയിച്ചു.