പൊന്നാനി : കണ്ടനകം ബീവറേജിന് മുൻവശത്ത് നിറുത്തിയിട്ടിരുന്ന തവനൂർ സ്വദേശി ഗോപിയുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ചങ്ങരംകുളം കോലൊളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന പ്രശാന്ത് (36), പൊന്നാനി സ്വദേശി തറയംവീട്ടിൽ അൻസാർ എന്ന ചട്ടി അൻസാർ(32), ചങ്ങരംകുളം മാട്ടം സ്വദേശി പുത്തൻപറമ്പിൽ നൗഷാദ് അലി (40) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമമുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് പ്രശാന്ത്. തൃശൂർ ,കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21ഓളം കേസുകളിൽ പ്രതിയാണ് അൻസാർ. നൗഷാദ് അലിയാണ് ആക്രിക്കടയിൽ ഓട്ടോ വിൽക്കാൻ സഹായിച്ചത്. സംഭവത്തിന് ശേഷം പ്രശാന്തും അൻസാറും ആലുവയിലും പാലക്കാടും ചെങ്ങന്നൂരും മറ്റുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന നിരീക്ഷണത്തിനൊടുവിലാണ് പ്രശാന്ത് ആറന്മുളയിൽ പപ്പട നിർമ്മാണ കമ്പനിയിൽ തൊഴിലാളിയായി കഴിയുന്ന വിവരം പൊലിസിന് ലഭിച്ചത്. മോഷണം നടത്തിയ ശേഷം മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ വിവിധ സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു പ്രശാന്തും അൻസാറും. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദ്ദേശത്തെ തുടർന്നു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പൊന്നാനി പൊലിസ് ഇൻസ്‌പെക്ടർ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ.യു.അരുൺ, കെ.പ്രവീൺ കുമാർ, എ.എസ്.ഐ ചിയാന്നൂർ മധുസൂദനൻ പൊലീസുകാരായ എം.കെ.നാസർ, എസ്.പ്രശാന്ത് കുമാർ, എം.സജീവ്, ഡ്രൈവർ എസ്.സി.പി പി.മനോജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. .പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.