വളാഞ്ചേരി: കെ.എസ്.എഫ്.ഇയുടെ വളാഞ്ചേരി ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച് 1.48 കോടി രൂപ തട്ടിയെടുത്തു. ബ്രാഞ്ച് മാനേജരുടെ പരാതിയിൽ മുൻ ജീവനക്കാരനടക്കം അഞ്ച് പേർക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. 221.63 പവൻ സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് 1,773.04 ഗ്രാം മുക്കുപണ്ടം പലപ്പോഴായി പണയം വച്ചത്. പാലക്കാട് തിരുവേഗപ്പുറ സ്വദേശികളായ പടപ്പേത്തൊടി അബ്ദുൾ നിഷാദ് (50), കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് (50), പറങ്ങാട്ടുതൊടി റഷീദലി (50), കാവുംപുറത്ത് മുഹമ്മദ് ഷെരീഫ്(50), കെ.എസ്.എഫ്.ഇ ശാഖയിലെ മുൻ ഗോൾഡ് അപ്രൈസർ കൊളത്തൂർ സ്വദേശി രാജൻ (65) എന്നിവർക്കെതിരെയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തിട്ടുള്ളത്. ശാഖയിലെത്തുന്ന സ്വർണം പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തുന്ന ചുമതലയായിരുന്നു രാജന്. നിലവിൽ ഇവരെല്ലാം ഒളിവിലാണ്. രാജൻ മേയിൽ കെ.എസ്.എഫ്.ഇയിൽ നിന്ന് വിരമിച്ചിരുന്നു.
ഓഡിറ്റിംഗിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് മനസ്സിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ 28നും ഈ വർഷം ജനുവരി 18നും ഇടയിൽ കെ.എസ്.എഫ്.ഇ വളാഞ്ചേരിയിലെ 10 അക്കൗണ്ടുകളിൽ 10 തവണകളായാണ് മുക്കുപണ്ടം സ്വർണമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വച്ചത്. പ്രതികളുടെ പേരിലുള്ളചില ചിട്ടികൾക്ക് ജാമ്യമായും മുക്കുപണ്ടമാണ് വച്ചിരുന്നത്. ബ്രാഞ്ച് മാനേജർ ലിനി മോൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഗോൾഡ് അപ്രൈസറുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോദ്ധ്യമായിട്ടുണ്ട്. സ്ഥാപനത്തിലെ കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്നതും ഇടപാടുകൾ നടന്ന അക്കൗണ്ട് വിവരങ്ങളും അന്വേഷിച്ച് വരികയാണെന്ന് വളാഞ്ചേരി പൊലീസ് പറയുന്നു. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.