തിരൂർ: എസ്.എൻ.ഡി.പി യോഗം തിരൂർ യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരി മേഖലയിൽ ഗുരുജയന്തി ആഘോഷം ഭക്തിസാന്ദ്രമായി നടത്തി. വളാഞ്ചേരി കെ.ആർ . ശ്രീനാരായണ കോളേ ജ് ഓഡിറ്റോറിയത്തിൽ നടന്നസാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സുരേഷ് പൈങ്കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കേന്ദ്രസമിതി എക്സിക്യൂട്ടീവ് അംഗം ഷൈലജ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യു.ജയരാജ്, മണി കാടാമ്പുഴ, ഇ.വി. മാധവി, ബിന്ദു മണികണ്ഠൻ, പി. സുഭാഷ് എന്നിവർ ആശംസകളർപ്പിച്ചു. ഉണ്ണി തിരുനിലം നന്ദി പറഞ്ഞു. ഉച്ചയ്ക്ക് വിപുലമായ പിറന്നാൾ സദ്യ നടത്തി. ശേഷം വിവിധ കലാപരിപാടികൾ നടന്നു. മോട്ടിവേഷണൽ ട്രെയ്നറായ ഡോ. അനൂപ് വൈക്കം ചതയദിന സന്ദേശം നൽകി. രാവിലെ വട്ടപ്പാറ ശ്രീനാരായണ ഗിരിയിൽ ചതയപൂജയോടെയാണ് പരിപാ ടികൾക്ക് തുടക്കമായത്.
പെരിന്തൽമണ്ണ: ശ്രീനാരായണ ഗുരുദേവന്റെ 170-ാത് ജന്മദിനാഘോഷം പെരിന്തൽമണ്ണയെ ഭക്തിസാന്ദ്രമാക്കി. പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായും ആഡംബര രഹിതമായുമാണ് ഗുരുദേവ ജയന്തി ആഘോഷിച്ചത്.
എസ്.എൻ.ഡി.പി യോഗം പെരിന്തൽമണ്ണ യൂണിയൻ മന്ദിരം ഹാളിൽ വൈകിട്ട് മൂന്നരയ്ക്ക് ആർദ്ര ഗിരീഷിന്റെ ഗുരു സ്മരണയോടെ ആരംഭിച്ച ജയന്തിദിന സമ്മേളനം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു.യോഗം ബോർഡ് മെമ്പർ കെ. രമേശ് അദ്ധ്യക്ഷത വഹിച്ചു.
വയനാട് ദുരന്തത്തിൽ മൺമറഞ്ഞവരുടെ ഓർമ്മകൾക്ക് മുൻപിൽ മൗന പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ആപ്തവാക്യത്തിലൂടെ ഗുരുദേവൻ സാമൂഹ്യ നീതിയാണ് കാംക്ഷിച്ചതെന്നും എത്രയോ കാലം മുൻപേ മാനുഷിക അവകാശത്തിനായി പ്രചാരണം നടത്തിയ മഹാനാണ് ഗുരുദേവനെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു..
എടക്കര: ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷങ്ങൾ നിലമ്പൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായി നടന്നു. 25 ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരുപൂജ, അഷ്ടോത്തര നാമജപം, വിവിധ കലാപരിപാടികൾ, ക്വിസ് മത്സരങ്ങൾ, ഗുരുദേവ കൃതികളുടെ പാരായണമത്സരം എന്നിവ നടന്നു. വിപുലമായ സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. ജാതി, മത ഭേദമന്യെ നാനാവിഭാഗം ജനങ്ങളെ സംഘടിപ്പിച്ച് ചതയസദ്യയും നടന്നു.
മലപ്പുറം: എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 170ാമത് ജന്മദിനം പ്രശാന്ത് ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് ദാസൻ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഗുരുദേവനെപ്പോലും വർഗീയ ചിന്താഗതിയോടെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും കാണുന്നതും പഠിപ്പിച്ച് കൊടുക്കുന്നതും. ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്. ആ ദിനം ഗാന്ധിജിയെക്കുറിച്ചുള്ള സന്ദേശം എല്ലാവർക്കും നൽകുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിലും എല്ലാ സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ഒരു ജാതി,ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നൽകാൻ തയ്യാറാവണമെന്നും ദാസൻ കോട്ടയ്ക്കൽ പറഞ്ഞു.
ഒരു വ്യക്തി എന്നതിന് അപ്പുറത്തേക്ക് ഭാരതീയ ഗുരു പരമ്പരയുടെ ആകെത്തുകയാണ് ശ്രീനാരായണഗുരു എന്ന് വയനാട് മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.